Thursday, November 22, 2012

ഒഴിമുറി (കവിത)

അച്ഛാ,
മധുപാല്‍ ഒഴിമുറിയെന്ന 
പേരിലൊരു  പടമെടുത്തു   
എന്താണ് കഥയെന്നറിയില്ല 

പിന്നെയെന്തിനെപ്പറ്റിയെന്നും    

എങ്കിലുമങ്ങിനൊരു വാക്കു 
നെഞ്ചില്ലട്ടയെപോലെ 
പറ്റിയിരിക്കുന്നില്ലേ ?
എത്രനാളായതിങ്ങനെ? 
ചോരയൂറ്റിയൂറ്റി തടിച്ചു വീര്‍ക്കുന്നു ?

ഒരു ജന്മത്തിന്റെ പാപം ,
കുടിച്ചും വലിച്ചും തിന്നും തീര്‍ത്ത
സുകൃതത്തിന്റെ കയ്യപ്പ്നീര്‍ .
ഒപ്പിട്ടു കൊടുക്കുമ്പോള്‍ ,
മുറിക്കു പുറത്തു നിന്നു  ,
അമ്മ കണ്ണീരോപ്പിയിരുന്നോ ?
വലതു കാലു വെച്ച് കെട്ടി   
കുടിയിരുത്തേണ്ട ദേവിക്കു ,
ഒഴിമുറി  വാങ്ങി  
തിന്നു തുടങ്ങിയപ്പോള്‍ 
അമ്മയെപ്പോഴെങ്കിലും 
മൗനങ്ങളില്‍ മുഖം  
ചേര്‍ത്ത് വെച്ചിരുന്നോ ?

എന്തിനായിരുന്നച്ചാ,
ഓടിക്കളിച്ചു വളര്‍ന്ന വീടിനു ,
ഓര്‍മകള്‍ക്ക് 
വാരിത്തിന്ന ഉരുളകള്‍ക്ക് 
മുട്ട് പൊട്ടിയപ്പോള്‍
ചതച്ചു ചേര്‍ത്ത് കെട്ടിയ 
ഇലകള്‍ക്ക് ,
ഒക്കെം കൂടെ ,
ഒരു പിച്ചകാശിട്ട് 
മുദ്ര പത്രതിലെഴുതിച്ചു, 
പടിക്കല്‍ കാത്തു നിന്നവര്‍ക്ക് 
മുന്നില്‍ 
കണ്ണ് നിറച്ചു ചെന്ന് നിന്നത് ,

ആ മഞ്ഞ മുദ്രകടലാസില്‍ 
എഴുതിയതൊന്നും വായിക്കാതെ 
ആരുടേയും മുഖത്ത് നോക്കാതെ 
ഒപ്പിട്ടു, കാശുമായിറങ്ങിയപ്പോ ,
പുറകില്‍ 
പൂട്ടി വളർത്തിയോരു്
പ്രാകിയിരുന്നോ ?

കുലം മുടിച്ചവനെന്നും  
കുരുത്തം കെട്ടവനെന്നും  
പിന്നെയും പിന്നെയും , 
എനിക്കറിയാത്ത പിഴച്ച വാക്കുകള്‍ !!
 
ചോദ്യങ്ങള്‍ക്കൊടുക്കം ഒരൊറ്റ  
ഉത്തരം മാത്രം തെളിയുന്നു
എന്താ വീട് വെക്കാഞ്ഞതെന്നു ,
അത് അത് മാത്രം .

7 comments:

  1. ചോദ്യങ്ങള്‍ക്കൊടുക്കം ഒരൊറ്റ
    ഉത്തരം മാത്രം തെളിയുന്നു
    എന്താ വീട് വെക്കാഞ്ഞതെന്നു ,
    അത് അത് മാത്രം .


    പണം മുഖ്യമാകുമ്പോള്‍ ചോദ്യവും ഉത്തരവും വേദനയും കടമയും എല്ലാം നിശ്ശബ്ദമാകുന്നു.

    ReplyDelete
  2. സിനിമ കണ്ടില്ല. ഒഴിമുറി എന്നത് ഒരിക്കലും ഒരു പുതിയ വാക്കായിരുന്നില്ല. എനിക്ക്. ചെറുപ്പത്തില്‍ ഒഴിമുറി വെച്ചവരെ ഞാന്‍ കണ്ടിട്ടുണ്ട്.

    പിന്നെ പണം പ്രധാനമാകുമ്പോള്‍ ......വേറെ ഒന്നും എഴുതാന്‍ വാക്കുകളില്ല.

    ReplyDelete
  3. ഒരു അവ്യക്തത. അത് എന്റെ വായനയുടെതും ആകാം. എങ്കിലും എവിടെയോ മനസ്സ് നീറുന്നതു വരികളിലൂടെ അറിയുന്നു. ആശംസകള്‍..

    ReplyDelete
  4. എന്റെ വായനയിലെ പരിമിധികള്‍ ഈ കവിതയില്‍ എന്നെ നിശബ്ദനാക്കുന്നു

    ReplyDelete
  5. എങ്കിലുമങ്ങിനൊരു വാക്കു
    നെഞ്ചില്ലട്ടയെപോലെ
    പറ്റിയിരിക്കുന്നില്ലേ ?

    ശരിയാണ്‌. ആ വാക്ക്‌ ഉള്ളിലെ സമാധാനം ഊറ്റിക്കുടിക്കുന്ന ഒരട്ട പോലെയുണ്ട്‌. ഒഴിമുറിയില്‍ സ്ഥലം, വീട്‌ ഇവയ്ക്കുപരിയായി പങ്കുവെയ്ക്കപെടുന്ന മനസ്സുകളുടെ ഉഴുകാത്ത കണ്ണീരുണ്ട്‌.

    കവിത ഒന്ന്‌ കൂടി കുറുക്കാമായിരുന്നു.

    ReplyDelete
  6. സിനിമ ഇറങ്ങി എങ്കിലും കണ്ടില്ല...
    അത് കൊണ്ട് തന്നെ ഒഴിമുറി എന്ന പദത്തിന്റെ
    അര്‍ഥം അറിയാന്‍ അല്പം താമസിച്ചു...അത്
    കഴിഞ്ഞു കമന്റ്‌ ഇടാം എന്ന് കരുതി...

    ഇപ്പൊ കവിത മനസ്സിലായി.....ഒഴി മുറി
    ഒരു മനസ്സിന്റെ കൂടി വേദനയും വേര്‍പാടും
    ആണ് അല്ലെ വെറും മുറി ഒഴിവിനെക്കാള്‍?
    ആശംസകള്‍..

    ReplyDelete

നന്ദി ..വീണ്ടും വരിക ..!!!