Tuesday, May 10, 2011

ബോഗന്‍വില്ലച്ചെടികള്‍ വീണ്ടും പൂക്കുന്നു

FACT ന്റെ  മുറ്റ്ത്ത് വെട്ടിയൊതുക്കിയ  പുൽമേടുകളിലേക്കു  ചാഞ്ഞ ഇളം ചുവപ്പു ബോഗൻവില്ല പൂക്കളെ കണ്ടപ്പോൾ ഞാൻ ശ്രീരാഗിനെ ഓർത്തു പോയി. ഓർത്തുവെന്നല്ല, വീണ്ടും ഓർത്തു എന്നു പറയുന്നതായിരിക്കും ശരി. കഴിഞ്ഞ രണ്ടാഴ്ചയായി ഞാൻ അവനെ തന്നെയാണ് ഓർക്കുന്നത്.എങ്കിലും ഇപ്പോഴതിന്റെ ദിശ മാറിയിട്ടുണ്ട്. ഒരു ബന്ധവുമില്ലാഞ്ഞിട്ടും ഞാൻ അമ്മച്ചിയെ കൂടെ ഓർത്തു.

ശ്രീരാഗ്,
ആദ്യം ശ്രീരാഗിനെ കുറിച്ച്,   ഞാനാദ്യം കാണുമ്പോൾ കുഞ്ഞു പിള്ളേരിരിക്കുന്ന ബഞ്ചിലിരുന്ന് അവൻ കഥയുടേയും കവിതയുടേയും ആശാന്മാരെ കേൾക്കുകയായിരുന്നു. അഹങ്കാരത്തിന്റെ ഒറ്റക്കൊമ്പിന്റെ മറകൊണ്ട് അന്നു ഞാനവനെ  ശരിക്കു കണ്ടതു പോലുമില്ല. പിന്നെ പൊട്ടിച്ചിരിയുടെ ഇടവേളയിലാണ്, കറുത്തു മെലിഞ്ഞ പെൺകുട്ടിയോടൊപ്പം പൂക്കൾക്കിടയിലൂടെ നടക്കുന്ന തടിച്ച ആൺകുട്ടിയെ ഞാൻ കണ്ടത്. എന്നിലെ പെണ്ണിന്റെ അസൂയ എത്ര പെട്ടെന്നാണെന്നോ പതഞ്ഞു പുറത്തു ചാടിയത്.എന്റെ കൂടെ ഉണ്ടായിരുന്ന ഒരു സംഘം പെൺകുട്ടികളേയും കൊണ്ട് ആ സ്വർഗത്തിൽ ഇടിച്ചു കയറിയപ്പോഴാണ് ഒന്ന് സമാധാനമായത്.

ഇനി പരിചയപ്പെടുത്തേണ്ടത്, അച്ചുവിനെയാണ്, അത് തന്നെയാണോ അവളുടെ പേരു എന്നു എനിക്കറിയില്ല. പേരുകൾ എന്റെയോ നിങ്ങളുടെയോ അല്ലാത്തതു കൊണ്ടും അതവളുടെ  ശരിപ്പേരല്ലാത്തതു കൊണ്ടും (ശരിപ്പേരു അവനു ഒർമ്മയില്ല, ചെല്ലപ്പേരുകൾ അത്രമാത്രം ശരിപ്പേരായി തീർന്നിരിക്കുന്നു).

ഇനി ഞാൻ പരിചയപ്പെടുത്തുന്ന ശ്രീരാഗ് ഒരു കവിയാണ്, പോസ്റ്റ് കാർഡുകളിൽ കുഞ്ഞു  കവിതകളെഴുതി പോസ്റ്റ് ചെയ്തു എനിക്കയച്ചു തരുന്ന കല്പനികഹൃദയൻ, എന്റെ മറുപടികളിലൊന്നിലും അവൻ കവിതകളല്ലാതെ മറ്റൊന്നും അയച്ചില്ല.

പിന്നെ  ഞങ്ങൾ സംസാരിച്ചു തുടങ്ങുന്ന രാത്രികളിലാണ് ഞാൻ ശ്രീരാഗിനെ കൂടുതലറിയാൻ തുടങ്ങുന്നത്. രാത്രികളിൽ കാല്പനികതയുടെ നീളൻ കുപ്പായമിട്ട് അവനെന്നോടു നല്ല നല്ല  കഥകൾ  പറയുമായിരുന്നു. അവന്റെ കവിതൾ പോലെ സംബോധനകളും, വഴികളുമില്ലാത്ത നല്ല സുന്ദരൻ കഥകൾ അങ്ങനെയാണു ശ്രീരാഗിനെ കഥകളുടെ ഉടയാസുരനായി ഞാൻ വാഴിക്കുന്നത്.
ശ്രീരാഗിനെ  ഇത്രമാത്രം പരിചയപ്പെടുത്തേണ്ടിയിരുന്നില്ല  ല്ലെ ?? പോട്ടെ സംഭവിച്ചുപോയി..
ശ്രീരാഗ് പ്രണയപൂർവ്വം വാങ്ങി  നോക്കി നനച്ചു വളർത്തുന്ന ഒരു ജോടി ബോഗൻവില്ല ചെടികളുണ്ട് അവന്റെ മുറ്റത്ത്. ഒരു ഇളം ചുവപ്പും, ഒരു വെളുപ്പും. അവയിലൂടെ അവൻ അച്ചുവിനെ തന്നെയാണു അനുഭവിച്ചിരുന്നത്.
ഇപ്പോൾ മനസിലായില്ലേ ഞാനെന്തിനാണ് അച്ചുവിനെ ഓർത്തതെന്ന്!

നിലാവു തൂവി നനച്ച ഒരു രാത്രിയിലാണ് അവനെന്നോടു ആദ്യമായി ആർദ്ര-മെന്നു പറയാൻ പറഞ്ഞത്, ഞാൻ കേട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും അപരിചിതമായ വാക്കായിരുന്നു അത്, വാക്കുകളില്ലാത്ത ഒരു കുട്ടിയുടെ ശബ്ദം  പോലുമില്ലാതെ ഞാൻ  അന്തംവിട്ടു നിന്നപ്പോഴാണ് അവനാദ്യത്തെ കഥ പറഞ്ഞു തുടങ്ങിയത്.

കഥ -1

      പണ്ട് , ഒരു ഗ്രാമത്തിൽ , ഒരിടവഴയുടെ ഓരത്ത് ഒരു വലിയ മാവിന്റെ അപ്പുറവമിപ്പുറവമായി രണ്ടു വീടുകളുണ്ടായിരുന്നു. രണ്ടു കുപ്പായങ്ങൾ മാത്രം സ്വന്തമായുള്ള ഒരാൺക്കുട്ടിയും അവനെക്കാൾ രണ്ടു ക്ലാസ്സു താഴെയുള്ള ഒരു പെൺക്കുട്ടിയും  അവിടെ താമസിച്ചിരുന്നു. മൺവെട്ടിയ ഇടവഴിയിലൂടെ കൈക്കോർത്തു പിടിച്ച് അവരൊരുമിച്ചു സ്കൂളിൽ പോയിരുന്നു. മെലിഞ്ഞ്  മധുരപുളിങ്ങ  പങ്കുവെച്ചിരുന്നു. കണ്ണി മാങ്ങ   പെറുക്കിയും ഞാവൽപ്പഴം തിന്നും അവർ സ്കൂളിൽ പോവുകയും വരികയും ചെയ്തു. കാക്കകൾ കൊത്തിപ്പറിച്ച്  ഒരു കുയിലിനെയോർത്ത് ഞാവൽപ്പഴ മരച്ചൊട്ടിലിരുന്ന് കരഞ്ഞു. ഒരു ദിവസം പെരുമഴയത്ത് ഒരു കുടയിൽ തിരികെ വീട്ടിലേക്കു വരുമ്പോൾ അവന്റെ കുട വയലുകൾക്കപ്പുറത്തേക്ക് പറന്ന് പോയ്. അരിശം തീർക്കാൻ അവൻ കാറ്റുണ്ടാക്കിയ കമ്പിക്കാലിനെ കാലുയർത്തി തൊഴിച്ചു. കൂടെയോടി വന്ന അവൾ അവനെ വേദനിപ്പിച്ച കമ്പിക്കാലിനോടു കയർത്തു.പറന്നു പോയ കുടയെ കളഞ്ഞ്, വേദനിച്ചു അവരൊരുമിച്ചു വീട്ടലേക്കു നടക്കുമ്പോൾ, കമ്പികാലു തലകുമ്പിട്ടു കരഞ്ഞു.
പിന്നെ പൂത്തുലഞ്ഞു നിൽക്കുന്ന ബോഗൻവില്ല ചെടികളുടെ ചുവട്ടിൽ ഒരുമിച്ച് നിൽക്കുമ്പോൾ, എന്തൊക്കെയോ പറഞ്ഞ് ചിരിക്കുമ്പോൾ, പെട്ടെന്നു കുടുക്കു പൊട്ടിയ കുപ്പായത്തെക്കാട്ടി അവരുറക്കെ ചിരിച്ചപ്പോൾ അവനു ദേഷ്യം വന്നു. ബോഗൻവില്ല ചെടിയുടെ മുള്ളു കൊണ്ടു അവളുടെ വെളുത്ത കയ്യിൽ ചുവന്ന നീളൻ ചാലു തീർത്തു കൊടുത്തു. അവളു  വേദനിച്ചു കരഞ്ഞു തേങ്ങി തേങ്ങി, അതു കണ്ടു വേദനിച്ചു അവനും.

ഫോണിന്റെ  ഇങ്ങേ  തലയ്ക്കൽ എനിക്കും കരച്ചിലു വന്നു. ഒരു കാരണവുമില്ലാതെ ഞാൻ  കരഞ്ഞു. ഇടക്കെപ്പോഴോ ഫോൺ കട്ടായി.


കഥ -2

മൂന്നാം കിട നൊസ്റ്റാൽജിയായി കഥയും കവിതയും മാറുന്നുവെന്നും സമൂഹത്തിലേക്ക്, ഇടിമിന്നൽ പോലെ എഴുത്തുക്കാരനിറങ്ങിചെല്ലണമെന്നും ഞാൻ  പ്രസംഗിച്ച്  ക്ഷീണിച്ച രാത്രിയിലായിരുന്നു അവൻ വീണ്ടും കഥ പറഞ്ഞു തുടങ്ങി 

(ഇതൊരു തുടർകഥയാണ്, പഴയ നായകനും നായികയും തന്നെ)

വീടിനപ്പുറത്തു നിന്നും നാളികേരപ്പൂളു കട്ടെടുത്ത് അവരു കഥ പറഞ്ഞിരിക്കായിരുന്നു. പിന്നെയെപ്പോഴൊ ചിത്രം വരഞ്ഞു  തുടങ്ങി, അരമതിലിൽ ആദ്യം സൂര്യൻ, പിന്നെ മീൻ പിന്നെ കോഴി, ഒടുവിൽ നാണത്തോടെ വീടും വരച്ചു. അന്നാണു കഥാനായകൻ നായികയുടെ കവിളിൽ ചുണ്ടിനു താഴെ ഒരു കുഞ്ഞു മറുകുണ്ടെന്ന് കണ്ടത്. ഇപ്പോൾ ഒരു കിതപ്പോടെ കഥ നിർത്തിയത്  മന്ത്രി പുത്രനാണ്.
ഒരു കിതപ്പിനു ശേഷം അവൻ കഥയുടെ ബാക്കി പറയുമ്പോൾ അതിനൊരുപാടു കൊല്ലത്തെ ഇടവേളയും ഉണ്ടായിരുന്നു. മീശയ്ക്കു കനം വെച്ചു നാളിൽ ഇടംകൈയ്യിൽ ബോഗൻവില്ലയുടെ മുള്ള് കൊണ്ടു കീറിയ വലിയ മുറിപ്പാടുള്ള നായികയെത്തേടിയുള്ള ലക്ഷ്യമില്ലാത്ത യാത്രയുടെ കഥ , കവിതകളിലെ കുയിലിലും ഇടവഴിയിലും ബാക്കി കഥ എനിക്കു പൂരിപ്പിക്കാമായിരുന്നു.

കഥ -3

 ഉറങ്ങാൻ  കിടക്കുമ്പോൾ രണ്ടാമത്തെ കഥയുടെ ബാക്കി എന്നെ വെട്ടയാടി. അച്ചുവിനു നീണ്ട മുടിയും വലിയ കണ്ണുകളുമുണ്ടാവരുതേയെന്നു വെറുതെ പ്രാർത്ഥിച്ചു.

(കഥയുടെ മൂന്നാമിടത്തിലെ പുതിയ നായിക)

ഹോ, കഥ മുഴുമിക്കേണ്ട നേരമായല്ലോ,
കഴിഞ്ഞ രണ്ടാഴ്ച്ചയായി ശ്രീരാഗ് എന്റെ പകലുകളിൽ നിന്നും ഇറങ്ങി  പോയിരുന്നു. അതു കൊണ്ടു തന്നെ ഒരു സാധാരണ പെൺകുട്ടിയെപ്പോലെ ഞാൻ അതിന്റെ  കാരണങ്ങൾ  തിരയുകയായിരുന്നു. ആ നേരത്താണ് പൂത്തുലഞ്ഞ ആ ബോഗൻവില്ലച്ചെടി ഞാൻ കാണുന്നത്, പറഞ്ഞു  തുടങ്ങിയോടത്തേക്കു ഞാൻ തിരിച്ചെത്തിയല്ലോ, അല്ലേ?

കഥ -4 :ബോഗൻ വില്ല വീണ്ടും പൂക്കുമ്പോൾ

അഭിമാനത്തിന്റെ മൂന്നാം കാലത്തിൽ ഉറഞ്ഞു തുള്ളി ശ്രീരാഗിനെ മറന്നു  കളയാൻ എന്റെ മനസു കൽപ്പിച്ച മണിക്കൂറുകളായിരുന്നു അത്. അപ്പോഴാണ് ബോഗൻവില്ലച്ചെടികൾ പറ്റിച്ചത്. ഉറങ്ങി  നിറംകെട്ട പുല്ലുകൾക്കു മീതെ അവയിങ്ങനെ  പൂത്തുലഞ്ഞു കിടന്ന. ഒരില പോലുമില്ലാത്ത വിധം, തണ്ടു കാണാത്തത്രയും പൂക്കൾ.അതിനു മുന്നേ പ്രണയത്തിന്റെ മുറിവിൽ നിന്നും എനിക്ക് ആർദ്രം പറിചെടുക്കാനായേക്കും പിന്നെ, FACT ന്റെ പൂന്തോട്ടത്തിലെ  മറ്റൊരു ചെടിയും പൂത്തിട്ടിലായിരുന്നു.
പലതിനും ഇല പോലുമില്ലായിരുന്നു. ബാത്ത്രൂമിൽ കയറി വാതിലടച്ചു കുറ്റിയിട്ടു ഞാൻ ആർദ്ര-മെന്നു പറഞ്ഞു നോക്കി. എനിക്കു ഇത്ര ആർദ്രമായി ( മറ്റെങ്ങിനെയാണ്  ഞാനതിനെ വിശേഷിപ്പിക്കുക) പറയാനാകുമെന്നു, ഞാനൊരിക്കൽ പോലും കരുതിയിരുന്നില്ല.
ഈ കഥ രാത്രിയുടെ മൂന്നാം യാമം വരെ നീണ്ടു നിൽക്കില്ല. പുതിയ നിയമങ്ങളായതു കൊണ്ട് രാജാവ് വധ ശിക്ഷ വിധിക്കില്ല എങ്കിലും എനിക്കു കൊട്ടാരം  വിട്ടിറങ്ങേണ്ടി വരും.ഇറങ്ങി  നടക്കേണ്ട വഴികളേതെന്നറിയില്ല, കയറിച്ചെല്ലേണ്ട വാതിലുകളും എന്നാലും അപ്പോഴും FACT -ന്റെ പൂന്തോട്ടത്തിലും, ശ്രീരാഗിന്റെ മലർവാടിയിലും L.P. സ്കൂളിന്റെ കുഞ്ഞു മതിലിലും കാലം തെറ്റി ബോഗൻവില്ലച്ചെടികൾ പൂത്തു നിൽക്കുന്നുണ്ടാവും, അവരാരും അതറിയുന്നില്ലേലും