Sunday, January 16, 2011

വീണ്ടും ഞാന്‍ എഴുതിത്തുടങ്ങുന്നു.














ഇരുട്ട് പരന്നപ്പോള്‍
വലിച്ചെറിഞ്ഞ ഒരു വാക്ക്
അത് കൊണ്ടാണ്,
അമ്മയുടെ കണ്ണ് നിറഞ്ഞത്,
വേലിയരികില്‍ പൂത്തു നിന്ന
രണ്ടു കണ്ണുകള്‍ കൊഴിഞ്ഞു വീണത് ,
എന്റെ കുതികാല്‍ വീണു മുറിഞ്ഞു പോയത്

പകലായ പകലൊക്കെ
അത് തിരിച്ചു പിടിക്കാന്‍ നടന്നു
തെണ്ടി നടന്നു ,തെറി കേട്ടു
പരിഹാസങ്ങള്‍ ,
അവഗണന
എന്റെ തോന്നലുകളില്‍
ഞാന്‍ എന്ന  പാഠം
കീറിപ്പറിഞ്ഞുപോയി

ഇന്നലെ
അന്തമില്ലാതെ നടന്നു പോകുമ്പോള്‍
മുനയൊടിഞ്ഞ ഒരു വാക്ക്
കാലില്‍ തട്ടി കുടഞ്ഞു കളഞ്ഞിട്ടും
കുടുങ്ങി കിടക്കുന്നു

അങ്ങിനെ
വീണ്ടും ഞാന്‍ എഴുതിത്തുടങ്ങുന്നു.

Wednesday, January 5, 2011

മാലാഖ













ഇന്നലെ ,
"ഞാന്‍  നിന്നെ ചുംബിച്ചോട്ടെ  "
അവളുടെ  നനഞ്ഞ ചുണ്ടുകളെ   നോക്കി  ,
പ്രണയാതുരനായി ഞാന്‍ ചോദിച്ചു 
"വേണ്ട,
അവള്‍  തടഞ്ഞു 
"ഞാന്‍ വിശുദ്ധപ്രണയത്തിന്റെ കാവല്‍ മാലാഖയാണ് "

ഇന്ന് ,
കടിച്ചു പൊട്ടിച്ച ചുണ്ടുകളും 
മാന്തി പൊളിച്ച തുടകളും
തൂങ്ങിയടര്‍ന്ന മാറിടങ്ങളുമായി 
അവള്‍ തെരുവില്‍ മരിച്ചു കിടന്നു 


ഗുണപാഠം 
മാലാഖമാര്‍ പൂക്കാറില്ല 
പുഷ്പിക്കാന്‍ അവര്‍ക്ക് അവകാശമില്ല


(കേരള കവിതയില്‍  വന്നത് )