Tuesday, February 22, 2011

ചുമലുകള്‍ ..


തോളുകള്‍  കോച്ചിപ്പിടിച്ചിരിക്കാന്നാണ്  പറഞ്ഞത്
അതടുക്കളയിലോ   അരങ്ങത്തോ
എന്ന്  നിശ്ചയിച്ചിട്ടില്ലയിരുന്നു
വേഷവും  ചമയവും !

ഇല്ല   ഒന്നും  നിശ്ചയിച്ചിരുന്നില്ല   
പക്ഷേ ,
പറഞ്ഞു  വെക്കേണ്ടത്
പറയേണ്ടത്  പോലെ
പറഞ്ഞുവെച്ചിരുന്നു
തമാശയിലും ഉപദേശത്തിലും 
ആഗ്രഹത്തിലും    പൊതിഞ്ഞു വച്ച്
അവള്‍  പല  വേഷവും  കെട്ടി
പല  രൂപത്തിലും  വന്നു
പക്ഷേ
ഉവ്വ്
തോളുകള്‍  കോച്ചിപ്പിടിച്ചിരിക്കുന്നു 
ഉറക്കയാണ്  സംസാരിച്ചിരുന്നതെങ്കിലും     

അവളെന്റെ   കണ്ണുകളിലേക്കോതുങ്ങുമായിരുന്നു   
അവളെന്റെ  തോളിലേക്ക്
ശരിക്കും  ചേര്‍ന്ന്  നില്‍ക്കുമായിരുന്നു
കൊച്ചിപ്പിടിച്ച  തോളുകള്‍
എന്റെ  കൈകള്‍ക്ക്
പാകമായിരുന്നു
അവളുടെ  ചുമലുകള്‍  വിടരാതിരിക്കെട്ടെ
ഒരിക്കലും !!

Monday, February 14, 2011

എന്റോ സള്‍ഫാന്‍.

എന്റോ സള്‍ഫാന്‍
ആ പേരിങ്ങനെ കയച്ചു കറുത്തു
എത്ര നാളായി ഈ മേഘം 
പെയ്യാതെ മാനത്തു
കറുപ്പിച്ചും പുഴുക്കിയും പാറുന്നു 
ആ നിഴലു വീണു
എന്റെ മക്കളോക്കെ കെട്ടു പോയി
ചുരുണ്ട് ചുരുണ്ട് ചുരുങ്ങി കൂടിയിട്ടും 
അതെന്റെ കുടിയിലേക്ക് 
തുറിച്ച നാക്കും കൊണ്ട് ഇഴഞ്ഞു കേറി 
 എത്രയുറക്കെ നെലോളിച്ചതാണ് 
കരഞ്ഞു പറഞ്ഞതാണ് 
എന്നിട്ടാരു കേള്‍ക്കാനാണ് 

വന്നവരു കണ്ടും പടം പിടിച്ചും പോയി
വരാത്തവരു  അകലങ്ങളിലിരുന്നു വേദനിച്ചു 
ചിലരെഴുതി, പ്രസംഗിച്ചു 
ചിലവന്മാര് നാടകം കളിച്ചു 
ബോധവല്‍ക്കരിച്ചു 
എന്നിട്ടോ..?

രാത്രി, 
തല പെരുക്കാത്ത 
ഇഴഞ്ഞു നടക്കാത്ത 
വളര്‍ന്നിട്ടും കുഞ്ഞായിരിക്കാത്ത
ആയുസെത്താതെ മരിക്കിലെന്നുറപ്പുള്ള 
കുഞ്ഞങ്ങളെ കേട്ടിപ്പിടിച്ചുറങ്ങി 

അന്ന് രാത്രിയും 
ഞങ്ങളുടെ കുഞ്ഞുങ്ങള്‍ 
ഞെരങ്ങി മരിച്ചു 
വിഷം പകരാത്ത വെള്ളം കിട്ടാതെ
ഇനിയും രാത്രികള്‍ പിറക്കുമെന്ന് 
ഞങ്ങടുള്ള് കിടുങ്ങി.

പിന്നെയോ ..?
ചോരയില്‍  വെള്ളം ചേരാത്ത 
കുട്ടികളെ കാത്തിരുന്നു 
അവരു വന്നീ
പുറ മുകളില്‍ വട്ടം പാറുന്ന 
ഭീകര മേഘത്തിനെ
കത്തിചൊടുക്കുന്നത് 
കിനാവ്‌ കണ്ടു 
ഞങ്ങടെ   തൊടിയില്‍ പുല്‍നാമ്പ് കിളിര്‍ക്കുന്നു 
ഞങ്ങടെ കുട്ടികള്‍ ഓടികളിക്കുന്നത് 
ഞങ്ങടെ മടങ്ങിപ്പോയി വസന്തങ്ങള്‍ 
തിരിച്ചു വരുന്നത് 

ഞങ്ങടെ കിനാവുകള്‍ക്ക് മേല്‍ 
എന്‍ഡോ സള്‍ഫാന്‍ തളിക്കാതിരുന്നെങ്കില്‍ 

Wednesday, February 2, 2011

പ്രണയം

അവള്‍  പറഞ്ഞത് ,
എന്റെ  അനേകായിരം  ചോദ്യങ്ങളില്‍ 
നീ  ഉത്തരമായി തീരുന്നു 
നിന്റെ   വാക്കുകളില്‍   ഞാന്‍ 
എന്നെ  കണ്ടെടുത്തത് 
നടന്നു  തീര്‍ത്ത  വഴികളില്‍  പുതുമ  കണ്ടെത്തുന്നു 
നീ  കൂടെയുണ്ടാവുമ്പോള്‍ 
ഞാന്‍  കവിത  കണ്ടെത്തുന്നു
എന്റെ  മറുപടി ,
എത്രയോ  വട്ടം 
ആരൊക്കെയോ  പറഞ്ഞ  വരികള്‍ 
എന്നിട്ടും   നീ  പറഞ്ഞു  തുടങ്ങുബോള്‍ 
ഞാന്‍  കാതോര്‍ത്തു  പോകുന്നു 
ഓര്‍ത്തു  വെക്കുന്നു 
വീണ്ടും  വീണ്ടും  എടുത്തു  താലോലിക്കുന്നു 
 
ഞങ്ങള്‍   പറഞ്ഞു  നിര്‍ത്തുന്നത് ,
ഘര്‍ഷനമില്ലാത്ത  പാതകള്‍ 
അപകടങ്ങളാണ് 
വഴുതി  വീഴാവുന്ന 
അനേകായിരം
കൊക്കകള്‍ക്ക് 
നടുവിലാണ്  ജീവിതം
ആയതു  കൊട്  നീയെന്നിക്കും    ഞാന്‍  നിനക്കും 
പ്രിയമുള്ളവരായിരിക്കാന്‍
ഈ  വാക്കുകളും    താളവും  ഞങ്ങളുപെക്ഷിക്കയാണ്