Monday, November 22, 2010

കഥയില്ലാത്തവരുടെ കഥ

        പണ്ട് പണ്ട് ഒരു രാജ്യത്തു ഒരു വലിയ കാടുണ്ടായിരുന്നു.കാടിന് നടുക്കായി നാലാള്‍ താഴ്ചയുള്ള കുത്തൊഴുക്കുള്ള പായലുപിടിച്ചു വഴുക്കുന്ന പാറകളുള്ള രണ്ടു പുഴകളുണ്ടായിരുന്നു.അതിനു നടുക്ക് ഒരൊറ്റ മരമുണ്ടായിരുന്നു.ആ മരത്തിനു അമ്മ മരമെന്നു തറ്റുടുത്ത ഏതോ സന്യാസി നാമകരണം ചെയ്തു.എന്തേ പുഴകള്‍ക്ക് നടുക്ക് മറ്റൊരു മരവും മുളയ്ക്കാഞ്ഞുവെന്ന് പുഴകള്‍ക്ക് അപ്പുറവുമിപ്പുറവുമുള്ളവര്‍ അന്തം വിട്ടു. ഈ ജാതിയൊരു മരം ഇക്കാണായ നാട്ടിലും പിന്നെ കാട്ടിലും കണ്ടിട്ടില്ലെന്നു അറിവുള്ളവര്‍ അത്ഭുതം കൂറി.രണ്ടു പുഴകളുടെയും ആഴങ്ങളിലേക്ക് അമ്മ മരം വേരുകളാഴ്ത്തി.സൂര്യന്റെ മുഖത്തിന്‌ നേരെ കൊമ്പുകളും ചില്ലുകളും നിവര്‍ത്തി പകലുകളില്‍ ഇലകളില്‍ നിറഞ്ഞു മഞ്ഞുത്തുള്ളികള്‍ കുടഞ്ഞെറിഞ്ഞു .അമ്മ മരം നെഞ്ചിലൊതുക്കി തലയുയര്‍ത്തി ഒരു പെണ്ണിനെ പോലെ നിറഞ്ഞു നിന്ന് ...

ഒരു ഇടവേളയെടുതോട്ടെ...

     എന്നെ പരിചയപ്പെടുത്താന്‍ , ഞാന്‍ ട്യൂഷന്‍ ടീച്ചര്‍ ആകുന്നു .വിഷ്ണു ശര്‍മയെ പോലെ കഥ പറഞ്ഞു , അവരുടെ കഥ പറഞ്ഞു പറഞ്ഞു രാജകുമാരന്മാരെ മനുഷ്യരാക്കാന്‍ എല്ലാ രാജാക്കന്മാരും എന്നോട് ആവശ്യപ്പെട്ടു. അങ്ങിനെ ഞാന്‍ കഥ പഠിച്ചു തുടങ്ങി. എന്നിട്ടും എന്റെ രാജകുമാരന്മാര്‍ക്ക് കഥ രസിക്കുന്നില്ല .രാജകുമാരിമാര്‍ക്ക് തല നിറയെ പേന്‍ കടിച്ചു. പ്രാണി കയറി പുതലിപ്പ് പോയ മര ഡസ്കിന്റെ ഇരുമ്പാണി മേലെ മുട്ടന്‍ പേനുകളെ വെച്ച് അവര്‍ തള്ള വിരല്‍ കൊണ്ട് മുട്ടി കൊന്നു.

    എന്റെ പ്രാര്‍ത്ഥനകളില്‍ കണ്ണീരുപ്പ് കയ്ച്ചു.അങ്ങിനെ ഞാന്‍ ഈ കഥകള്‍ ഒക്കെ മാറ്റി മാറ്റി എഴുതാന്‍ തീരുമാനമെടുത്തു .പഠിച്ച കഥകള്‍ വിരിപ്പായി വിരിച്ചു ഗുണം ചേര്‍ത്ത് സ്നേഹം ചാലിച്ച് പ്രാര്‍ത്ഥന പോലെ എഴുതി തുടങ്ങി .

ഇടവേളയുടെ സമയം തീരുകയാണ് .

ഒഴുകി പരക്കുമ്പോള്‍ വെള്ളമൊക്കെ തീര്‍ന്നു പോകുമെയോന്നു രണ്ടു പുഴകളും പേടിച്ചു ,പിന്നെ കടക്കണ്ണെറിഞ്ഞു രണ്ടു പേരും ഒറ്റ മരത്തിനെ കടാക്ഷിച്ചു.
ഓരോ പകലുകളിലും അവര്‍ പ്രണയിച്ചു ,ഇരുട്ടില്‍ നദിക്കു കോരിത്തരിച്ചു ,കാറ്റ് കൊണ്ട് വന്ന മരങ്ങളില്‍ അവരുടെ പ്രണയം സാധനയായി. വേരുകളിലൂടെ അമ്മ മരം അതറിഞ്ഞു.അമ്മ മരം അമ്മമരം അല്ലാതായി .അവള്‍ നെഞ്ചില്‍ നനവുള്ള പെണ്ണായി തീര്‍ന്നു.ചില്ലകളിലെന്നും വസന്തം വിരിഞ്ഞു .ഇലകള്‍ പഴുത്തു വീണില്ല .മരം നിറയെ പൂവണിഞ്ഞു .തുടുത്തും പഴുത്തതും കായ നിറഞ്ഞു ! കാവല്‍ നിന്ന പുഴകള്‍ക്ക് കുളിരുള്ള വെള്ളമായിരുന്നു .ഒരു മുതലയും ആ ആഴങ്ങളില്‍ തല ചേര്‍ത്ത് ഉറങ്ങിയതായി ,തല നരച്ച ഒരു തലയും മൊഴിഞ്ഞു തന്നില്ല . എന്നിട്ടും അമ്മ മരത്തിനെ തൊട്ടു പ്രാര്‍ത്ഥിക്കാന്‍ ഒരുത്തനും ധൈര്യം വന്നില്ല .അമ്മ മരത്തിന്റെ ചുവന്ന കായ്കള്‍ അമൃതാണെന്നു അത് ഭക്ഷിച്ചാല്‍ അമരത്വം കൈവരുമെന്നും അമ്മ മരത്തിന്റെ ഇലയിട്ടു വെന്ത വെള്ളം കൊണ്ട് കുളിച്ചാല്‍ കുഷ്ഠവും ഭേദമാകുമെന്ന് തല മൂത്തവര്‍ പറഞ്ഞു വെച്ചു.ആര്‍ക്കാണിത് ബോധ്യം വന്നതെന്ന് തിരിഞ്ഞു നടന്നവര്‍ പിറുപിറുത്തു .മൂപ്പെളയുടെ വാളാല്‍ ആ സ്വരങ്ങള്‍ ഗളഛെദം ചെയ്യപ്പെട്ടു...

വീണ്ടുമൊരു ഇടവേള കൂടെ,

     രാജാക്കന്മാര്‍ കൂലി തന്ന മുഷിഞ്ഞു നോട്ടുകള്‍ മേശപ്പുറത്തു മുഴച്ചു കിടന്നു .എന്റെ രാജകുമാരന്മാര്‍ കള്ള് കുടിച്ചിരുന്നില്ല, ഒരു പെണ്ണിന്റെയും ആകാരഭംഗി അവരെ അലട്ടിയില്ല .രാജകുമാരിമാര്‍ അടങ്ങിയൊതുങ്ങി നടന്നു .എന്റെ മുന്നില്‍ അനുസരണയോടെയിരുന്നു. എന്നിട്ടും അവരുടെ മാതാപിതാക്കള്‍ എന്റെ മുന്നില്‍ ചില്ലറത്തുട്ടുകള്‍ ഇട്ടു തന്നു എന്നോട് ആജ്ഞാപിച്ചു,

"ഇവരെ മനുഷ്യരാക്കൂ !"

     നിസ്സഹായതയുടെ ഒടുക്കത്തെ ഖന്ധികയില്‍ തപ്പി തടഞ്ഞു നിന്നവര്‍ ഞെട്ടിപ്പോയി ,ഞാനും അവരുടെ കൂടെ കൂടി .എവിടെയാണ് പിഴച്ചു തുടങ്ങുന്നതെന്നും എങ്ങിനെയാണ് അവര്‍ക്ക് ബോധിക്കാത്തവരായി ഇവര്‍ മാറുന്നതെന്നും ഞങ്ങള്‍ കൂടിയിരുന്നാലോചിച്ചു. പഠിക്കാത്ത പാഠങ്ങള്‍ മേശപ്പുറത്ത്‌ ഉറങ്ങി കിടന്നു .രാവായ രാവ് മുഴുവന്‍ അത് തന്നെയാണ് ആലോചിച്ചു കിടന്നത്.

        എത്രയോ കാലം ,എത്രയോ കാലമായി .ആ മരമിങ്ങനെ നിറഞ്ഞു നില്‍ക്കുന്നു .കടന്നു വന്ന ഓരോ പഥികനും അത്ഭുതമായി ,ജനിച്ചു വളര്‍ന്ന വാര്‍ത്തയല്ലാതായി. പറഞ്ഞു പറഞ്ഞു പതം വന്നിട്ടും പാഴാകാതെ തലയുയര്‍ത്തി നിന്ന മരം ,അമ്മ മരം ഉറങ്ങുന്നുണ്ടോ എന്ന് ആരും പറഞ്ഞു തന്നിരുന്നില്ല .ആ അപൂര്‍ണ്ണമായ അറിവിലേക്കാണ് ഞാനിപ്പോള്‍ ഉടക്കി നില്‍ക്കുന്നത്. ദിക്കറിയാനാട്ടില്‍ നിന്ന് ഒരു പുഴ എന്റെ കാലില്‍ വന്നു തൊട്ടു .ഞാന്‍ പുഴയെ അറിഞ്ഞു തുടങ്ങി .

         ശരത് പറയുന്നത് ഒരു പുഴയിലും നാം രണ്ടു വട്ടം ഇറങ്ങുന്നില്ലെന്നായിരുന്നു. എന്നിട്ടും ഈ കുളിര് എനിക്ക് ഏറെ പരിചയമുണ്ടായിരുന്നു .ദിവസങ്ങള്‍ക്കു ശേഷം എനിക്കുറക്കം വന്നു. അരണ്ട വെളിച്ചത്തില്‍ ഞാന്‍ ആകാശ ത്തിലേക്കുയര്‍ന്ന പുളിമരം കണ്ടു .കീഴെ റോഡില്‍ ചതഞ്ഞു അരഞ്ഞ പുളികള്‍ എന്റെ കാലില്‍ ഒട്ടിപ്പിടിച്ചു .ചൂട്ടു കത്തിച്ച താത്ത മുന്നില്‍ നടന്നു ,അമ്പല മുറ്റത്തെ മാങ്ങാ തപ്പി. അമ്മയുടെ വഴക്കു കേട്ട് ;അപ്പോഴേക്കും തിരുവാതിരയെ എത്ര പ്രാകിയിരുന്നു .ഇപ്പോള്‍ പുഴയുടെ നടുക്കല്‍ ,പാറ ഇടുക്കിലെ വെള്ളത്തിന് അപ്പോഴൊക്കെ വല്ലാത്ത കുളിര്, ഇരുട്ടിന്റെ നെഞ്ചിലൂടെവെളിച്ചപ്പെട്ടികള്‍
അടുക്കി വെച്ച് ഒരു തീവണ്ടികൂടെ,തിരുവാതിര കുളിക്കാന്‍ വന്ന പെണ്ണുങ്ങളോടാരോ സമയം പറഞ്ഞു .ഞാന്‍ പതുക്കെ വെള്ളത്തില്‍ ഇറങ്ങി .ശരീരത്തില്‍ നിന്നും വെളുത്ത പുക പറക്കുന്നു .എനിക്ക് കുളിരുന്നു .അതെ ഈ പുഴയില്‍ ഞാന്‍ എത്രയോ വട്ടം ഇറങ്ങിയിരിക്കുന്നു .മുങ്ങി നിവര്‍ന്നിരിക്കുന്നു .കൊല്ലങ്ങള്‍ക്ക് ശേഷം ഞാന്‍ വീണ്ടും പുഴയില്‍ നീന്തി തുടിച്ചു.എനിക്ക് നല്ല ഭര്‍ത്താവിനെ കിട്ടട്ടെ ..ഞാന്‍ നല്ല ഭാര്യയായിരിക്കട്ടെ..

ഇടവേളകള്‍ ഇനി വേണ്ടെന്നും അവ അറുബോറാണ് എന്നും അഭിപ്രായം ...,എങ്കിലും ,

            ഇന്ന് എന്റെ കുമാരന്‍മാര്‍ക്ക് മുന്നിലെത്തിയപ്പോള്‍ എന്നിക്കെന്തോ ഒരു വല്ലാത്ത സന്തോഷം തോന്നി ,ഓരോ മുഖത്തും രണ്ടു പുഴകള്‍ , പാഠ പുസ്തകങ്ങളെ ചിതലരിക്കാന്‍ വിട്ടു ഞാന്‍ കഥ പറഞ്ഞു തുടങ്ങി "പണ്ട് പണ്ട് ഒരു രാജ്യത്ത് ഒരു വലിയ കാടുണ്ടായിരുന്നു ...............""
     ഒടുക്കം ഞങ്ങളുടെ ഭാഗ്യക്കെടുകള്‍ക്ക് അറുതി വരുത്താന്‍ എന്റെ കുമാരന്മാര്‍ അമ്മ മരം തേടി പുറപ്പെട്ടു ,ധീരന്മാര്‍ ,വീരന്മാര്‍ .സ്നേഹലോലുപര്‍ ,എന്റെ കുമാരിമാര്‍,ഏഴര വെളുപ്പിന് കുളിച്ചു ജപിക്കാന്‍ തുടങ്ങി,എനിക്ക് പണിയില്ലാതായി. കാലില്‍ തട്ടി  ലാളിക്കുന്ന പുഴയെ തേടി ഞാനിറങ്ങി പോയി .

      പണമെടുത്തില്ല ,തുണിയും ,പുസ്തകവും എന്തിനു ഭക്ഷണം പോലും, വഴികാട്ടാന്‍ ഒരു കുളിര് മാത്രം .പിന്നെ ആകാശത്തിലേക്കുയര്‍ന്ന ഒറ്റ മരത്തിന്റെ തളിരിലകള്‍ ,അതിനു കീഴെ പരുന്തുകള്‍ പാറിപ്പറന്നു പുഴ നീന്തി കടന്നു കുമാരന്മാര്‍ക്കു എന്ത് പറ്റിയെന്നു
എനിക്കറിയില്ല .എനിക്കനുവദിച്ച സമയം കഴിഞ്ഞിരുന്നുവല്ലോ?,എങ്കിലും ,ഇന്നും ,രണ്ടു പുഴകള്‍ക്ക് നടുക്കു അമ്മ മരം തലയുയര്‍ത്തി നില്‍ക്കുന്നു....

20 comments:

 1. മര ഡസ്കിന്റെ ഇരുമ്പാണി മേലെ മുട്ടന്‍ പേനുകളെ വെച്ച് അവര്‍ തള്ള വിരല്‍ കൊണ്ട് മുട്ടി കൊന്നു

  ചില പ്രയോഗങ്ങള്‍ നന്നായി ബോധിച്ചു.
  കഥയില്ലാത്തവരുടെ കഥ കണ്ട് അമ്മമരം തല ഉയര്‍ത്തി തന്നെ...
  ഇഷ്ടപ്പെട്ടു.

  ReplyDelete
 2. ഇഷ്ടപ്പെട്ടു.

  ReplyDelete
 3. ഇഷ്ടമായി ..
  ആശംസകള്‍

  ReplyDelete
 4. “കഥയില്ലാത്തവരുടെ കഥ“ ഇങ്ങനെ ഒരു തലക്കെട്ട് ഇല്ലായിരുന്നു എങ്കില്‍ ഞാന്‍ ആകെ ബുദ്ധിമുട്ടിപോയേനെ... ഒരു എത്തും പിടിയും കിട്ടിയില്ലാന്നെ,,,

  ReplyDelete
 5. നന്നായി എഴുതിയിട്ടുണ്ടെങ്കിലും,ഈ കഥയില്ലായ്മയിൽ കാര്യങ്ങളൊന്നും പരസ്പരം വേണ്ടവിധം യോജിപ്പിക്കുവാൻ കഴിഞ്ഞിട്ടില്ല കേട്ടൊ വിഷ്ണുപ്രിയേ..

  ReplyDelete
 6. പുതുമയുണ്ട്, റീഡബിലിറ്റി കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ ഇനിയും നന്നാകുമായിരുന്നു!

  ReplyDelete
 7. വിചിത്രമായ ചിന്തകൾ; വിചിത്രമായ കഥ.
  അതിന്റെ പുതുമയുണ്ട്.

  ReplyDelete
 8. ആകെ മൊത്തം കൺഫ്യൂഷ്യനായിരിക്കയായിരുന്നു. അപ്പോഴാണ് എത്തും പിടിത്തവും കിട്ടാത്തവരും കൂട്ടത്തിൽ കമന്റ് ചെയ്തത് കാഃണുന്നത്.. സമാധാനമായി :)

  ReplyDelete
 9. ബഷീര്‍ക്ക പറഞ്ഞതു പോലെ ആകെയൊരു ആശയക്കുഴപ്പം തോന്നുന്നു, വായിച്ചു കഴിഞ്ഞപ്പോള്‍...

  ReplyDelete
 10. "കഥയില്ലാത്തവരുടെ കഥ"..................

  :) :)

  ReplyDelete
 11. രചനാശൈലി നന്നായിട്ടുണ്ട്. ഒരു വ്യത്യസ്ഥത. പക്ഷെ മൊത്തത്തില്‍ എവിടെയൊക്കെയോ കണ്ണികള്‍ പരസ്പരം ഇണങ്ങാത്ത പോലെ...

  ReplyDelete
 12. The title of the story is apt, I must admit!

  I really thought the avant-garde, head over heels saga of story telling has come to a grinding halt, or may be gracefully disappearing from Malayalam literary arena.
  Nay, this story, contrary to my belief, reminds me that the saga continues….

  ‘Surrealism’- a unique expressive art form, used for releasing the creative potential of the subconscious mind- had been grossly entertained, and passionately perused by many a reader in the past. Notwithstanding, mimicking the far-fetched surrealistic technique for the sake of owning this art (almost obsolete nowadays?) by merely putting the images juxtaposed randomly and irrationally with a mixture of myth and reality wouldn’t bring the desired prolific result in contemporary literature.
  ‘Don’t you dare to waste your enviable talents,’ is my plea to the budding young writers.

  ReplyDelete
 13. എന്‍റെ മോള് നേരത്തെ ഇവിടെ ഹാജര്‍ വെച്ചിട്ടുണ്ടല്ലോ ...
  എന്തായാലും സംഭവം കൊള്ളാം ട്ടോ..
  വീണ്ടും കാണാം...

  ReplyDelete
 14. തലക്കെട്ടുപോലെ!

  ReplyDelete
 15. surrealistic writing may make reading a bit difficult at times. handle it with care. nice.

  ReplyDelete
 16. എല്ലാവര്ക്കും ഒറ്റ വാകില്‍ നന്ദി....

  ReplyDelete
 17. സത്യായിട്ടും ഒരു ഇതും പിടിയും കിട്ടിയില്ല ട്ടോ.
  ഇതാണ് ആധുനികോത്തര കഥ എന്നൊക്കെ പറയുന്നത്.
  ഇത് വായിച്ചപ്പോള്‍ എന്റെ
  ഇതോ ആധുനിക സാഹിത്യം
  എന്ന പോസ്ടാണ് ഓര്‍മ വരുന്നത്.
  കഥയിലെ കഥയില്ലായ്മയ്ക്ക്‌ മുമ്പില്‍ അന്തിചിരിക്കുന്ന, അന്തം വിട്ടവരുടെ കൂടെ, ഈ അന്തമില്ലാതവനും പെടുന്നു.
  ഇനി വല്ല അന്തോം കുന്തോം കിട്ടിയവരുണ്ടെങ്കില്‍ ഈ അന്തമില്ലാത്തവന്റെ അന്തം ശരിയാക്കി തരുമെന്ന് കരുതുന്നു.

  ReplyDelete

നന്ദി ..വീണ്ടും വരിക ..!!!