Tuesday, May 10, 2011

ബോഗന്‍വില്ലച്ചെടികള്‍ വീണ്ടും പൂക്കുന്നു

FACT ന്റെ  മുറ്റ്ത്ത് വെട്ടിയൊതുക്കിയ  പുൽമേടുകളിലേക്കു  ചാഞ്ഞ ഇളം ചുവപ്പു ബോഗൻവില്ല പൂക്കളെ കണ്ടപ്പോൾ ഞാൻ ശ്രീരാഗിനെ ഓർത്തു പോയി. ഓർത്തുവെന്നല്ല, വീണ്ടും ഓർത്തു എന്നു പറയുന്നതായിരിക്കും ശരി. കഴിഞ്ഞ രണ്ടാഴ്ചയായി ഞാൻ അവനെ തന്നെയാണ് ഓർക്കുന്നത്.എങ്കിലും ഇപ്പോഴതിന്റെ ദിശ മാറിയിട്ടുണ്ട്. ഒരു ബന്ധവുമില്ലാഞ്ഞിട്ടും ഞാൻ അമ്മച്ചിയെ കൂടെ ഓർത്തു.

ശ്രീരാഗ്,
ആദ്യം ശ്രീരാഗിനെ കുറിച്ച്,   ഞാനാദ്യം കാണുമ്പോൾ കുഞ്ഞു പിള്ളേരിരിക്കുന്ന ബഞ്ചിലിരുന്ന് അവൻ കഥയുടേയും കവിതയുടേയും ആശാന്മാരെ കേൾക്കുകയായിരുന്നു. അഹങ്കാരത്തിന്റെ ഒറ്റക്കൊമ്പിന്റെ മറകൊണ്ട് അന്നു ഞാനവനെ  ശരിക്കു കണ്ടതു പോലുമില്ല. പിന്നെ പൊട്ടിച്ചിരിയുടെ ഇടവേളയിലാണ്, കറുത്തു മെലിഞ്ഞ പെൺകുട്ടിയോടൊപ്പം പൂക്കൾക്കിടയിലൂടെ നടക്കുന്ന തടിച്ച ആൺകുട്ടിയെ ഞാൻ കണ്ടത്. എന്നിലെ പെണ്ണിന്റെ അസൂയ എത്ര പെട്ടെന്നാണെന്നോ പതഞ്ഞു പുറത്തു ചാടിയത്.എന്റെ കൂടെ ഉണ്ടായിരുന്ന ഒരു സംഘം പെൺകുട്ടികളേയും കൊണ്ട് ആ സ്വർഗത്തിൽ ഇടിച്ചു കയറിയപ്പോഴാണ് ഒന്ന് സമാധാനമായത്.

ഇനി പരിചയപ്പെടുത്തേണ്ടത്, അച്ചുവിനെയാണ്, അത് തന്നെയാണോ അവളുടെ പേരു എന്നു എനിക്കറിയില്ല. പേരുകൾ എന്റെയോ നിങ്ങളുടെയോ അല്ലാത്തതു കൊണ്ടും അതവളുടെ  ശരിപ്പേരല്ലാത്തതു കൊണ്ടും (ശരിപ്പേരു അവനു ഒർമ്മയില്ല, ചെല്ലപ്പേരുകൾ അത്രമാത്രം ശരിപ്പേരായി തീർന്നിരിക്കുന്നു).

ഇനി ഞാൻ പരിചയപ്പെടുത്തുന്ന ശ്രീരാഗ് ഒരു കവിയാണ്, പോസ്റ്റ് കാർഡുകളിൽ കുഞ്ഞു  കവിതകളെഴുതി പോസ്റ്റ് ചെയ്തു എനിക്കയച്ചു തരുന്ന കല്പനികഹൃദയൻ, എന്റെ മറുപടികളിലൊന്നിലും അവൻ കവിതകളല്ലാതെ മറ്റൊന്നും അയച്ചില്ല.

പിന്നെ  ഞങ്ങൾ സംസാരിച്ചു തുടങ്ങുന്ന രാത്രികളിലാണ് ഞാൻ ശ്രീരാഗിനെ കൂടുതലറിയാൻ തുടങ്ങുന്നത്. രാത്രികളിൽ കാല്പനികതയുടെ നീളൻ കുപ്പായമിട്ട് അവനെന്നോടു നല്ല നല്ല  കഥകൾ  പറയുമായിരുന്നു. അവന്റെ കവിതൾ പോലെ സംബോധനകളും, വഴികളുമില്ലാത്ത നല്ല സുന്ദരൻ കഥകൾ അങ്ങനെയാണു ശ്രീരാഗിനെ കഥകളുടെ ഉടയാസുരനായി ഞാൻ വാഴിക്കുന്നത്.
ശ്രീരാഗിനെ  ഇത്രമാത്രം പരിചയപ്പെടുത്തേണ്ടിയിരുന്നില്ല  ല്ലെ ?? പോട്ടെ സംഭവിച്ചുപോയി..
ശ്രീരാഗ് പ്രണയപൂർവ്വം വാങ്ങി  നോക്കി നനച്ചു വളർത്തുന്ന ഒരു ജോടി ബോഗൻവില്ല ചെടികളുണ്ട് അവന്റെ മുറ്റത്ത്. ഒരു ഇളം ചുവപ്പും, ഒരു വെളുപ്പും. അവയിലൂടെ അവൻ അച്ചുവിനെ തന്നെയാണു അനുഭവിച്ചിരുന്നത്.
ഇപ്പോൾ മനസിലായില്ലേ ഞാനെന്തിനാണ് അച്ചുവിനെ ഓർത്തതെന്ന്!

നിലാവു തൂവി നനച്ച ഒരു രാത്രിയിലാണ് അവനെന്നോടു ആദ്യമായി ആർദ്ര-മെന്നു പറയാൻ പറഞ്ഞത്, ഞാൻ കേട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും അപരിചിതമായ വാക്കായിരുന്നു അത്, വാക്കുകളില്ലാത്ത ഒരു കുട്ടിയുടെ ശബ്ദം  പോലുമില്ലാതെ ഞാൻ  അന്തംവിട്ടു നിന്നപ്പോഴാണ് അവനാദ്യത്തെ കഥ പറഞ്ഞു തുടങ്ങിയത്.

കഥ -1

      പണ്ട് , ഒരു ഗ്രാമത്തിൽ , ഒരിടവഴയുടെ ഓരത്ത് ഒരു വലിയ മാവിന്റെ അപ്പുറവമിപ്പുറവമായി രണ്ടു വീടുകളുണ്ടായിരുന്നു. രണ്ടു കുപ്പായങ്ങൾ മാത്രം സ്വന്തമായുള്ള ഒരാൺക്കുട്ടിയും അവനെക്കാൾ രണ്ടു ക്ലാസ്സു താഴെയുള്ള ഒരു പെൺക്കുട്ടിയും  അവിടെ താമസിച്ചിരുന്നു. മൺവെട്ടിയ ഇടവഴിയിലൂടെ കൈക്കോർത്തു പിടിച്ച് അവരൊരുമിച്ചു സ്കൂളിൽ പോയിരുന്നു. മെലിഞ്ഞ്  മധുരപുളിങ്ങ  പങ്കുവെച്ചിരുന്നു. കണ്ണി മാങ്ങ   പെറുക്കിയും ഞാവൽപ്പഴം തിന്നും അവർ സ്കൂളിൽ പോവുകയും വരികയും ചെയ്തു. കാക്കകൾ കൊത്തിപ്പറിച്ച്  ഒരു കുയിലിനെയോർത്ത് ഞാവൽപ്പഴ മരച്ചൊട്ടിലിരുന്ന് കരഞ്ഞു. ഒരു ദിവസം പെരുമഴയത്ത് ഒരു കുടയിൽ തിരികെ വീട്ടിലേക്കു വരുമ്പോൾ അവന്റെ കുട വയലുകൾക്കപ്പുറത്തേക്ക് പറന്ന് പോയ്. അരിശം തീർക്കാൻ അവൻ കാറ്റുണ്ടാക്കിയ കമ്പിക്കാലിനെ കാലുയർത്തി തൊഴിച്ചു. കൂടെയോടി വന്ന അവൾ അവനെ വേദനിപ്പിച്ച കമ്പിക്കാലിനോടു കയർത്തു.പറന്നു പോയ കുടയെ കളഞ്ഞ്, വേദനിച്ചു അവരൊരുമിച്ചു വീട്ടലേക്കു നടക്കുമ്പോൾ, കമ്പികാലു തലകുമ്പിട്ടു കരഞ്ഞു.
പിന്നെ പൂത്തുലഞ്ഞു നിൽക്കുന്ന ബോഗൻവില്ല ചെടികളുടെ ചുവട്ടിൽ ഒരുമിച്ച് നിൽക്കുമ്പോൾ, എന്തൊക്കെയോ പറഞ്ഞ് ചിരിക്കുമ്പോൾ, പെട്ടെന്നു കുടുക്കു പൊട്ടിയ കുപ്പായത്തെക്കാട്ടി അവരുറക്കെ ചിരിച്ചപ്പോൾ അവനു ദേഷ്യം വന്നു. ബോഗൻവില്ല ചെടിയുടെ മുള്ളു കൊണ്ടു അവളുടെ വെളുത്ത കയ്യിൽ ചുവന്ന നീളൻ ചാലു തീർത്തു കൊടുത്തു. അവളു  വേദനിച്ചു കരഞ്ഞു തേങ്ങി തേങ്ങി, അതു കണ്ടു വേദനിച്ചു അവനും.

ഫോണിന്റെ  ഇങ്ങേ  തലയ്ക്കൽ എനിക്കും കരച്ചിലു വന്നു. ഒരു കാരണവുമില്ലാതെ ഞാൻ  കരഞ്ഞു. ഇടക്കെപ്പോഴോ ഫോൺ കട്ടായി.


കഥ -2

മൂന്നാം കിട നൊസ്റ്റാൽജിയായി കഥയും കവിതയും മാറുന്നുവെന്നും സമൂഹത്തിലേക്ക്, ഇടിമിന്നൽ പോലെ എഴുത്തുക്കാരനിറങ്ങിചെല്ലണമെന്നും ഞാൻ  പ്രസംഗിച്ച്  ക്ഷീണിച്ച രാത്രിയിലായിരുന്നു അവൻ വീണ്ടും കഥ പറഞ്ഞു തുടങ്ങി 

(ഇതൊരു തുടർകഥയാണ്, പഴയ നായകനും നായികയും തന്നെ)

വീടിനപ്പുറത്തു നിന്നും നാളികേരപ്പൂളു കട്ടെടുത്ത് അവരു കഥ പറഞ്ഞിരിക്കായിരുന്നു. പിന്നെയെപ്പോഴൊ ചിത്രം വരഞ്ഞു  തുടങ്ങി, അരമതിലിൽ ആദ്യം സൂര്യൻ, പിന്നെ മീൻ പിന്നെ കോഴി, ഒടുവിൽ നാണത്തോടെ വീടും വരച്ചു. അന്നാണു കഥാനായകൻ നായികയുടെ കവിളിൽ ചുണ്ടിനു താഴെ ഒരു കുഞ്ഞു മറുകുണ്ടെന്ന് കണ്ടത്. ഇപ്പോൾ ഒരു കിതപ്പോടെ കഥ നിർത്തിയത്  മന്ത്രി പുത്രനാണ്.
ഒരു കിതപ്പിനു ശേഷം അവൻ കഥയുടെ ബാക്കി പറയുമ്പോൾ അതിനൊരുപാടു കൊല്ലത്തെ ഇടവേളയും ഉണ്ടായിരുന്നു. മീശയ്ക്കു കനം വെച്ചു നാളിൽ ഇടംകൈയ്യിൽ ബോഗൻവില്ലയുടെ മുള്ള് കൊണ്ടു കീറിയ വലിയ മുറിപ്പാടുള്ള നായികയെത്തേടിയുള്ള ലക്ഷ്യമില്ലാത്ത യാത്രയുടെ കഥ , കവിതകളിലെ കുയിലിലും ഇടവഴിയിലും ബാക്കി കഥ എനിക്കു പൂരിപ്പിക്കാമായിരുന്നു.

കഥ -3

 ഉറങ്ങാൻ  കിടക്കുമ്പോൾ രണ്ടാമത്തെ കഥയുടെ ബാക്കി എന്നെ വെട്ടയാടി. അച്ചുവിനു നീണ്ട മുടിയും വലിയ കണ്ണുകളുമുണ്ടാവരുതേയെന്നു വെറുതെ പ്രാർത്ഥിച്ചു.

(കഥയുടെ മൂന്നാമിടത്തിലെ പുതിയ നായിക)

ഹോ, കഥ മുഴുമിക്കേണ്ട നേരമായല്ലോ,
കഴിഞ്ഞ രണ്ടാഴ്ച്ചയായി ശ്രീരാഗ് എന്റെ പകലുകളിൽ നിന്നും ഇറങ്ങി  പോയിരുന്നു. അതു കൊണ്ടു തന്നെ ഒരു സാധാരണ പെൺകുട്ടിയെപ്പോലെ ഞാൻ അതിന്റെ  കാരണങ്ങൾ  തിരയുകയായിരുന്നു. ആ നേരത്താണ് പൂത്തുലഞ്ഞ ആ ബോഗൻവില്ലച്ചെടി ഞാൻ കാണുന്നത്, പറഞ്ഞു  തുടങ്ങിയോടത്തേക്കു ഞാൻ തിരിച്ചെത്തിയല്ലോ, അല്ലേ?

കഥ -4 :ബോഗൻ വില്ല വീണ്ടും പൂക്കുമ്പോൾ

അഭിമാനത്തിന്റെ മൂന്നാം കാലത്തിൽ ഉറഞ്ഞു തുള്ളി ശ്രീരാഗിനെ മറന്നു  കളയാൻ എന്റെ മനസു കൽപ്പിച്ച മണിക്കൂറുകളായിരുന്നു അത്. അപ്പോഴാണ് ബോഗൻവില്ലച്ചെടികൾ പറ്റിച്ചത്. ഉറങ്ങി  നിറംകെട്ട പുല്ലുകൾക്കു മീതെ അവയിങ്ങനെ  പൂത്തുലഞ്ഞു കിടന്ന. ഒരില പോലുമില്ലാത്ത വിധം, തണ്ടു കാണാത്തത്രയും പൂക്കൾ.അതിനു മുന്നേ പ്രണയത്തിന്റെ മുറിവിൽ നിന്നും എനിക്ക് ആർദ്രം പറിചെടുക്കാനായേക്കും പിന്നെ, FACT ന്റെ പൂന്തോട്ടത്തിലെ  മറ്റൊരു ചെടിയും പൂത്തിട്ടിലായിരുന്നു.
പലതിനും ഇല പോലുമില്ലായിരുന്നു. ബാത്ത്രൂമിൽ കയറി വാതിലടച്ചു കുറ്റിയിട്ടു ഞാൻ ആർദ്ര-മെന്നു പറഞ്ഞു നോക്കി. എനിക്കു ഇത്ര ആർദ്രമായി ( മറ്റെങ്ങിനെയാണ്  ഞാനതിനെ വിശേഷിപ്പിക്കുക) പറയാനാകുമെന്നു, ഞാനൊരിക്കൽ പോലും കരുതിയിരുന്നില്ല.
ഈ കഥ രാത്രിയുടെ മൂന്നാം യാമം വരെ നീണ്ടു നിൽക്കില്ല. പുതിയ നിയമങ്ങളായതു കൊണ്ട് രാജാവ് വധ ശിക്ഷ വിധിക്കില്ല എങ്കിലും എനിക്കു കൊട്ടാരം  വിട്ടിറങ്ങേണ്ടി വരും.ഇറങ്ങി  നടക്കേണ്ട വഴികളേതെന്നറിയില്ല, കയറിച്ചെല്ലേണ്ട വാതിലുകളും എന്നാലും അപ്പോഴും FACT -ന്റെ പൂന്തോട്ടത്തിലും, ശ്രീരാഗിന്റെ മലർവാടിയിലും L.P. സ്കൂളിന്റെ കുഞ്ഞു മതിലിലും കാലം തെറ്റി ബോഗൻവില്ലച്ചെടികൾ പൂത്തു നിൽക്കുന്നുണ്ടാവും, അവരാരും അതറിയുന്നില്ലേലും

Thursday, April 21, 2011

നൂറ ( കവിത)


"ഈ  മലയാളം  മുന്‍ഷി  പണി  കവിയെ  കൊല്ലും "
പണ്ട് ആത്മകഥയില്‍ " പി " എഴുതി 
 
 
മനോരമയുടെ  എഴുത്തുപുരയില്‍  കവിതയുടെ  നിരകുടവുമായി  വന്ന  ഒരു കുട്ടിയുണ്ടായിരുന്നു ' നൂറാ" ,
അവള്‍  ടീച്ചറായി  പോയി 
രണ്ടാം  ക്ലാസിലെ  വലിയ  ടീച്ചര്‍
ഇപ്പോള്‍  അവളുടെ  എഴുത്ത്  കാണാറില്ല 
കവിതാ ക്യാമ്പുകളില്‍  അവളുടെ ശബ്ദം   കേള്‍ക്കാറില്ല 
അവളെ  അനേഷിച്ചു  പോകുകയാണ്  എന്റെ  അക്ഷരങ്ങള്‍ )

നൂറയുടെ രണ്ടാം ക്ലാസിലെ 
എല്ലാ പിള്ളേരും  ജയിച്ചു
തട്ടമിട്ട കൊച്ചു മിടുക്കിക്ക്
നൂറില്‍ നൂറാത്രേ 

ചുവന്ന കണ്ണും
ചൂരല്‍ വടിയും കയ്യിലുള്ള 
റഹ്മാന്‍ മാഷെ
ടീച്ചര്‍ക്കും പേടിയാണത്രെ
പണ്ടയാളവളെയും നുള്ളി
തുടയിലെ തൊലിയെടുത്തിട്ടുണ്ടത്രേ,

അക്ഷരമെഴുതാനറിയാഞ്ഞിട്ടും  
എണ്ണക്കം  തെറ്റിയിട്ടും,
ചിത്രം നോക്കി പറഞ്ഞ
കഥയങ്ങിനെ  നീണ്ടു  നീണ്ടു
പോയിട്ടും
നൂറാന്റെ പിള്ളേരോക്കെയും ജയിച്ചു


റഹ്മാന്‍  മാഷ്‌
നുള്ളി  തോലിയെടുക്കാന്‍ 
വന്നപ്പോള്‍
നെഞ്ചോടു ചേര്‍ത്തു 
പിടിച്ചവള്‍ക്ക്
മൂന്നാം ക്ലാസ്സില്‍ പോണ്ടാത്രേ ,!

രാത്രി,
മുഹ്സിനോട് രണ്ടാം ക്ലാസ്സിന്റെ 
കഥ പറഞ്ഞാണത്രെ അവളുറങ്ങി  പോകാര്‍
അടിവയറ്റിലെയനക്കമറിയുമ്പോള്‍ 
ചുണ്ടില്‍  പുള്ളിയുള്ള
സുന്ദരിയെ
അവളു  മടിയില്‍ വെയ്ക്കാരു-    
മുണ്ടത്രേ

" നൂറാ ,
നീയെഴുത്തു മറന്നോ ?
കവിതയെഴുതാന്‍   ?
കാമ്പുകളിലഗ്നിയായി പടരാന്‍ ?
പെണ്ണിന്റെ  ദണ്ണംമെഴുതാന്‍
കുഞ്ഞിന്റെ ,
കരച്ചിലു പകര്‍ത്താന്‍ ?"
എന്റെയെഴുത്തു വിറച്ചു
 

രണ്ടാം ക്ലാസ്സിന്റെ  ഉമ്മറപ്പടിയില്‍
അത് വെള്ളം ദാഹിച്ചു
കുഴഞ്ഞു വീണു
കണ്ണട വെച്ച  മിടുക്കന്‍ 
വെള്ളം കൊടുത്തു
(എന്നിട്ടും,
നൂറാ തിരിഞ്ഞു നോക്കിയില്ല )

ഉച്ചക്ക്  ബെല്ലടിച്ചപ്പോള്‍
എന്റെയക്ഷരങ്ങള്‍
ആരോടും യാത്ര പറയാതെ
ഇറങ്ങി പോന്നു

Tuesday, April 12, 2011

എന്റെപെണ്ണ് (കവിത )

എന്റെ പെണ്ണിന്
ആട  നല്‍ക്കുക
അവള്‍ക്കു ഉടലെഴുത്തിന്റെ 
ഗണിതം ഉപദേശിക്കുക
നാണം കവച്ചുവെക്കാന്‍
ഒരു  കൈത്താങ്ങ്‌ കൊടുക്കുക

അവളുടെ രാഷ്ട്രീയം ശരീരമാണെന്നു
വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുക
സൌന്ദര്യത്തിന്റെ,
ഒന്നാം പാഠം കൊണ്ട് 
കാമുകിയാക്കുക
ആത്മബോധം തകര്‍ത്ത് 
ഭാര്യയാക്കുക
ഉടലാണവളെന്ന്
ഉറക്കെ പറയിക്കുക
അവളുടെ ഉറക്കറ വര്ത്തമാനങ്ങള്‍ക്ക്,
രതി അനുഭവങ്ങള്‍ക്ക് , 
മാത്രം കാത് കൊടുക്കുക
അവളുടെ അതൃപ്തികളില്‍
ദുഖിക്കുക  
പിന്നെ,
ഉടയാത്ത മുലകളെയും
അയയാത്ത വയറിനെയും 
പാടിപുകഴ്ത്ത്ത്തുക
വെളുക്കാനും തുടുക്കാനും 
തേക്കാനും ഉടുക്കാനും 
നിറയെ വാങ്ങികൊടുക്കുക
ഇനിയുമവള്‍ക്ക് ഇടം
കൊടുത്തീലെന്നു പറയിക്കാതെ
ഇതിലുമേറെ എന്ത്കൊടുക്കാനാണ് ?

Wednesday, March 23, 2011

+97155646568(കഥ )

ചോദ്യം : പത്തക്കങ്ങൾ കൊണ്ട് എന്തുണ്ടാക്കാനാണ്?
ഉത്തരം : ഇക്കണ്ടതെല്ലാം ആ പത്തക്കം കൊണ്ടുണ്ടായതാണ്.

ആ ഉത്തരത്തിൽ നിന്നാണ് ഞാൻ പഠിച്ചു തുടങ്ങിയത്, കൂട്ടാനും കുറയ്ക്കാനും പിന്നെ, പിന്നെ എത്രയെത്ര  കളികൾ, കോരിക്കുടിച്ചിട്ടും ഊളിയിട്ടു കളിച്ചിട്ടും പിന്നെയും അക്കങ്ങൾ ബാക്കിയായി.  വീട്ടിൽ എത്തിയപ്പോൾ കുടുങ്ങി കുടുങ്ങി പോകുന്ന കണക്കുകളിൽ പത്തക്കത്തിന്റെ ബാക്കി കളികൾ അച്ഛൻ പറഞ്ഞു തന്നു. 

ഓരോ ക്ലാസ്സുകളിലും പത്തക്കം കൊണ്ട് ഒരുപാടൊരുപാടുണ്ടാക്കാമെന്ന് ഞാൻ കണ്ടുപിടിച്ചു. ആറാം ക്ലാസ്സിൽ പൂജ്യത്തിനു താഴേക്കും ഒരു ലോകമുണ്ടെന്നു  തിരിച്ചറിഞ്ഞു. ന്യുനതകളുടെ ആറാട്ട്.  എട്ടു കഴിഞ്ഞപ്പോൾ അത് ശീലമായി. അക്കങ്ങൾ എനിക്ക് മടുത്തു.  അക്ഷരങ്ങള്‍ക്ക് നിറമുണ്ടെന്നു മനസിലായി. പുറത്തിറങ്ങാതെ അറയ്ക്കകത്തു അടച്ചിരുന്ന ഏഴ് ദിവസങ്ങൾ. അന്നാണ് അതിനു പൂമ്പാറ്റച്ചിറകുകളും കാരിരുമ്പിന്റെ കരുത്തുമുണ്ടെന്നു മനസിലായത്. അമ്പത്തിയാറു അക്ഷരങ്ങൾ കൊണ്ട് പത്തക്കങ്ങളേക്കാൾ എത്രയെത്ര സാധിക്കാം, ഉറങ്ങാഞ്ഞിട്ടും മയങ്ങാഞ്ഞിട്ടും ആ വലിയ ലോകം എന്നെ വല്ലാതെ കൊതിപ്പിച്ചു.

വളരാതെ ഞാൻ വലുതായി, ഇടയ്ക്കൊക്കെ കണ്ണെഴുതി അക്ഷരം കൊണ്ട് മായാജാലം കാണിക്കുന്ന ഒരു വലിയ പെണ്ണാകുന്നത്  സ്വപ്നം കണ്ടു നടന്നിരുന്ന കാലം. വീണ്ടും പഴയ ഉത്തരം എന്നെ നോക്കി ചിരിച്ചു. ഞാൻ ചോദ്യങ്ങൾ ചോദിക്കാൻ മറന്നു പോയോന്നു ഉത്തരം കണ്ടു പിടിക്കാൻ മെനക്കെടാറില്ലെന്നു അക്കങ്ങൾ വേദനിച്ചു.  എനിക്കു അക്കങ്ങളിൽ അക്ഷരത്തിന്റെ മധുരം വേണമായിരുന്നു. കാടും സംഗീതവും കടലിന്റെയാഴവും, മണ്ണിന്റെ  ഉർവ്വരതയും വേണമായിരുന്നു. അങ്ങിനെ അക്കങ്ങൾ പത്തല്ല പതിനൊന്നാണെന്നു മനസിലായി. 

പത്തക്കങ്ങളുടെ ലോകം കടലാസിലൊതുങ്ങുമായിരുന്നു. കണക്കെന്ന് പേരും കിട്ടിയിരുന്നു.  പതിനൊന്നക്കങ്ങൾ, മാറില്ലായിരുന്നു. തലക്കെട്ട്‌ കണ്ട പതിനൊന്നക്കങ്ങളില്ലേ അവിടുന്നാണ് തുടങ്ങിയത്.  അക്കങ്ങൾ എന്നെ സ്നേഹിക്കുന്നത് ഉറങ്ങുമ്പോഴും മയങ്ങുമ്പോഴും പാടത്തും പറമ്പിലും ഒറ്റയ്ക്കു നടക്കുമ്പോഴുമൊക്കെ ഞാൻ സ്വപ്നം കണ്ടു. നീന്തി നീന്തി പുഴയെ ഞാൻ പെണ്ണാക്കി തീര്‍ത്തു. ഇക്കിളികൂട്ടിലെ കവിതയ്ക്കു തേൻ കിനിഞ്ഞു. എത്രയെത്ര പേരുകളാണ്, ശബ്ദത്തിൽ നിന്നും സൗന്ദര്യമുണ്ടായി, നാദബ്രഹ്മമെന്നു നെഞ്ചോടു ചേര്‍ത്തു ഞാൻ മന്ത്രിച്ചു. കണ്ണാടിയിൽ എന്നെ കണ്ട ഞാൻ  പിന്നെയും പിന്നെയും നാണിച്ചു.
"രൂപ രസ ഗന്ധ സ്വരിശ
സാമാന്യ വിശേഷ സമവായ അഭാവ
സപ്ത പദാര്‍ത്ഥ"

അച്ഛൻ പിന്നെയും ചൊല്ലി തന്നു.  എനിക്കു തലയിൽ കേറിയില്ല. എനിക്കു തര്‍ക്കശാസ്ത്രം പഠിക്കേണ്ട, അറിവ് കൊണ്ട് ആളുകളെ അമ്പരിപ്പിക്കേണ്ട,  വലിയ സദസ്സുകൾ കീഴടക്കേണ്ട.  പിന്നെയോ ? വാക്കുകളും  വാചകങ്ങളും കൊണ്ട് ഞങ്ങൾ പണിയുന്ന സ്വര്‍ഗത്തിന്റെ ഉള്ളറകൾ സ്വപ്നം കണ്ടാൽ മാത്രം മതിയായിരുന്നു. എനിക്കു വഴങ്ങാത്ത വാക്യങ്ങൾ അച്ഛനെ ചൊടിപ്പിച്ചു.  അച്ഛന്റെ അമ്മുക്കുട്ടി ഒരു പെണ്ണിനെപോലെ കൊഞ്ചുകയും കിണുങ്ങുകയും ചെയ്യുന്നത് കണ്ടു അച്ഛനു വേദനിച്ചു. പ്രണയിച്ചു നടന്ന നാളുകളൊക്കെ ഒരു നിമിഷം കൊണ്ട് അച്ഛനു കയ്ച്ചു. അച്ഛന്റെ താടിയും മീശയും അതു കണ്ട് വിളറിവെളുത്തു.

എന്റെ കണ്ണിലും കാതിലും  പിന്നെ ഉടലാകെയും വാക്കുകൾ, കേട്ട വാക്കുകൾ ഞാൻ വീണ്ടും വീണ്ടും കേട്ട് നെഞ്ചിലൊളിച്ചു വെച്ചു താലോലിച്ചു കൊണ്ടിരുന്നു. അമ്മ നാടായ നാട് മുഴുവൻ നടന്നു വെള്ളമേറ്റി കൊണ്ട് വന്നിട്ടു. എനിക്കു ചുറ്റും വാസനയുണ്ടായി. മഴ പെയ്യുമ്പോൾ കുളിരാതിരിക്കാൻ വാക്കെന്നെ ചുറ്റിപ്പിടിച്ചു.  വെറും വാക്കിൽ പ്രണയം കണ്ടെത്തുന്ന ഞാൻ വിഡ്ഢിയാണെന്ന് എന്റെ കൂട്ടുകാരി ഓര്‍മ്മിപ്പിച്ചു. ഞാൻ അവളുടെ പത്തക്കങ്ങൾ സൗകര്യപൂര്‍വ്വം മറന്നു (പത്തിനെക്കാൾ വലുതാണല്ലോ പതിനൊന്ന്) പിന്നെ ഞങ്ങളൊരുമിച്ചു കടൽ കാണാൻ പോകുന്നതും, കടലത്തിരകള്‍ക്ക് നടുവിൽ അവന്റെ കരുതലിൽ ഞാൻ സുരക്ഷിതയാകുന്നത് (ഒക്കെ അവനെന്റെ  കാതിൽ പറഞ്ഞത് തന്നെയാണ് എന്നാലും) സ്വപ്നം കണ്ടു.  അവന്‍ ഉമ്മ വെയ്ക്കാഞ്ഞിട്ടു എന്റെ കവിളുകൾ തുടുത്തു.  എന്റെ നടപ്പിനു താളമുണ്ടായി.  പിന്നെ, "നീ ഒരു പെണ്ണേ ആകുന്നില്ലെന്നു" നൂറു നീരിക്ഷണങ്ങള്‍ക്കു നടുവിലേക്ക് ഞാൻ പെണ്ണായി വളര്‍ന്നു.

എന്റെ കവിതകളിൽ മെഴുക്കടിഞ്ഞു കൂടിയെന്ന് അച്ഛൻ  പരാതിപ്പെട്ടു.  എന്റെ വാക്കിന്റെ മൂര്‍ച്ചകെട്ടു പോയെത്രെ. എനിക്കു ദേഷ്യം വന്നു.
"കവിതയെക്കുറിച്ചെന്തറിയാം ?" ഞാൻ പൊട്ടിത്തെറിച്ചു.  അച്ഛന്‍റെ തൊണ്ടയിൽ കവിതയും അനുഭവവും വറ്റി. ഒരു പെൺകുട്ടിയുടെ അച്ഛനായിരിക്കുക എത്ര നിര്‍ഭാഗ്യകരമാണെന്ന് അച്ഛന്‍റെ കുഴിഞ്ഞ കണ്ണുകളോര്‍മ്മിപ്പിച്ചു. എന്നിട്ടും, ഞാൻ സ്വര്‍ഗം പണിയുന്നത് ആകാശത്തിനും ഭൂമിയ്ക്കും നടുവിലെ പെയ്തു തീരേണ്ട   മേഘങ്ങള്‍ക്ക് മീതെയാണെന്ന് അച്ഛൻ പറഞ്ഞവസാനിപ്പിച്ചു.  ഒരു രാത്രി എന്റെ അശരീരിയ്ക്ക് മീതെ ചിരട്ട കനൽ പാറി വീണു. ആ ചൂടിൽ എന്റെ കണ്ണീർ കരിഞ്ഞുപോയി.  ക്ലോക്കിലേക്ക് പാറി നോക്കി നിസ്സംഗനായി അച്ഛൻ ചതുരംഗത്തിന്റെ അപ്പുറവുമിപ്പുറവും കളിച്ചു.
ഞാൻ കേട്ട വാക്കുകൾ,
എന്നും കേട്ട വാക്കുകളേക്കാൾ ഉറച്ചുറച്ച് പോയത്,  ചുരുങ്ങി ചുരുങ്ങി പോയത്, വികാരവും വിചാരവുമില്ലാത്ത വാക്കുകൾ കാരണത്തിനു വേണ്ടിയുള്ള കാരണങ്ങൾ. ഉരുക്കിവാര്‍ത്ത സ്വപ്നങ്ങൾ ഉരുകിയൊഴുകി നെരുമണ്ടയ്ക്ക് വീണു.  വകഞ്ഞു കെട്ടിയ തലമുടിക്ക് നടുവിലൂടെ സീമന്തരേഖയിലൂടെ അതുരുകിയൊലിച്ചു പോയി. എന്റെ കൊട്ടാരത്തിനു കീഴിലെ മേഘം അന്ന് രാത്രി പെയ്തു തീര്‍ന്നു, പൊളിഞ്ഞ കൊട്ടാരത്തോടൊപ്പം ആ മഴയിൽ എന്നിലെ പെണ്ണ് ഒഴുകിയൊലിച്ചു പോയി.
ഓടിക്കിതച്ചു വന്ന അച്ഛന്‍റെ കുതിരയുടെ കാലിൽ, എന്റെ രാജാവ് തോറ്റു പോകുന്നു.
അച്ഛന്‍ ഉപേക്ഷിച്ച ചതുരംഗക്കളം ഇനിയെനിക്ക് സ്വന്തമാണ്.  ഇനിയും  എന്റെ  കൂടെ കളിക്കേണ്ടയെന്നു അല്ലെങ്കിൽ എന്നോടൊനും പറയേണ്ടെന്ന്  അച്ഛന്  തോന്നിക്കാണണം.  അപ്പുറവുമിപ്പുറവുമിരുന്നു ഞാൻ തനിയെ കളിക്കേണ്ടിവരും.
അനുഭവങ്ങൾ കൊണ്ട് പഠിക്കാത്തവർ വിഡ്ഢികളാണ്. control systems ന്റെ ക്ലാസ്സിൽ രത്തൻ സാർ എത്രയോ തവണ പറഞ്ഞു പഠിപ്പിച്ചതാണ് feed back കളുടെ പ്രാധാന്യത്തെ പറ്റി. feed back കളില്ലാത്ത  ഒരു system എങ്ങിനെ ശരിയാവാനാണ്?
ആ അവസാനത്തെ ഫീഡ് ബാക്ക് ലൂപിൽ ഞാൻ പറഞ്ഞവസാനിപ്പിക്കട്ടെ.

ഇക്കണ്ടതും ഇനി കാണാനുള്ളതുമെല്ലാം ആ പത്തക്കങ്ങൾ കൊണ്ടുണ്ടായതാണ്, അഥവാ ഉണ്ടാവേണ്ടതാണ് .

Wednesday, March 9, 2011

വേഷപകര്‍ച്ച


പച്ച  വേഷമായിരുന്നു  ഏറെയിഷ്ട്ടം  

കളി  വിളക്കിന്റെ  പകുതി
പങ്കിട്ടു   ശൃംഗാരം ചുണ്ടിലോളിപ്പിച്ചു 

വിടര്‍ന്ന  കണ്ണുകള്‍  കൊണ്ട്  ചിരിക്കുന്ന
മിനുക്ക്‌  അരങ്ങില്ലെത്താനാണ്  കാത്തിരുന്നത്
ചെല്ലി  പഠിഞ്ഞ പദങ്ങളില്‍  

വേദിയില്‍ നിറഞ്ഞു  നിന്നത്
തിരശീലയായിരുന്നു
മഞ്ഞയും  ചുവപ്പും  കറുപ്പും
ഒക്കെ  ചതുരങ്ങള്‍
എന്നെയും   നിന്നെയും    പോലെ
ഒന്നിനുള്ളില്‍  ഒന്നായിയടുക്കിയിട്ടും
ചേര്‍ന്ന്  പോകാത്തത്
വേഷം  പുതച്ചതല്ല 
തിരശീലയിപ്പോള്‍  ഭീമന്റെ
നെഞ്ചില്‍  ചുറ്റി  വരിഞ്ഞിരിക്കയാണ്
മിനുക്ക്‌ കാത്തു
ഞാനിപ്പോള്‍  കീചകനെ  പോലെ
ശൃംഗാരപടമാടുകയാണ്

പക്ഷേ,
അതെ, നാം  കഥയറിയാതെ  ആട്ടം  കാണുകയല്ല
കഥയറിയാം  ,
തിരശീല  നീങ്ങാത്തത്   കൊണ്ട്
തേപെടുന്നില്ല,,ആടുന്നുമില്ല
ഇനിയുമേരെയെന്തിനാണ്   
ആട്ടം  കാണുന്നത്
പഴയപോലെ രാത്രികള്‍
ഉറങ്ങിതീര്‍ക്കാമല്ലോ

Wednesday, March 2, 2011

പൂണൂല്‍

പ്രണയം

മഷിയോലിക്കുന്നുണ്ട്
എഴുതിത്തുടങ്ങും മുന്നേ
കയ്യിലാകെ മഷിയാകും
എങ്കിലും എഴുതാതെ വയ്യല്ലോ

-----------------------
 പൂണൂല്‍
 
നെഞ്ചിനു കുറുകെയാണിട്ടത്   
പക്ഷേ,
ഹൃദയത്തിനു കുറുകെയും വീണു പോയി
അതുകൊണ്ടാണ്
മൈലാഞ്ചിയിട്ടു കറുത്ത
നിന്റെ  കാലുകള്‍ കാണാതെ പോയത്

Tuesday, February 22, 2011

ചുമലുകള്‍ ..


തോളുകള്‍  കോച്ചിപ്പിടിച്ചിരിക്കാന്നാണ്  പറഞ്ഞത്
അതടുക്കളയിലോ   അരങ്ങത്തോ
എന്ന്  നിശ്ചയിച്ചിട്ടില്ലയിരുന്നു
വേഷവും  ചമയവും !

ഇല്ല   ഒന്നും  നിശ്ചയിച്ചിരുന്നില്ല   
പക്ഷേ ,
പറഞ്ഞു  വെക്കേണ്ടത്
പറയേണ്ടത്  പോലെ
പറഞ്ഞുവെച്ചിരുന്നു
തമാശയിലും ഉപദേശത്തിലും 
ആഗ്രഹത്തിലും    പൊതിഞ്ഞു വച്ച്
അവള്‍  പല  വേഷവും  കെട്ടി
പല  രൂപത്തിലും  വന്നു
പക്ഷേ
ഉവ്വ്
തോളുകള്‍  കോച്ചിപ്പിടിച്ചിരിക്കുന്നു 
ഉറക്കയാണ്  സംസാരിച്ചിരുന്നതെങ്കിലും     

അവളെന്റെ   കണ്ണുകളിലേക്കോതുങ്ങുമായിരുന്നു   
അവളെന്റെ  തോളിലേക്ക്
ശരിക്കും  ചേര്‍ന്ന്  നില്‍ക്കുമായിരുന്നു
കൊച്ചിപ്പിടിച്ച  തോളുകള്‍
എന്റെ  കൈകള്‍ക്ക്
പാകമായിരുന്നു
അവളുടെ  ചുമലുകള്‍  വിടരാതിരിക്കെട്ടെ
ഒരിക്കലും !!

Monday, February 14, 2011

എന്റോ സള്‍ഫാന്‍.

എന്റോ സള്‍ഫാന്‍
ആ പേരിങ്ങനെ കയച്ചു കറുത്തു
എത്ര നാളായി ഈ മേഘം 
പെയ്യാതെ മാനത്തു
കറുപ്പിച്ചും പുഴുക്കിയും പാറുന്നു 
ആ നിഴലു വീണു
എന്റെ മക്കളോക്കെ കെട്ടു പോയി
ചുരുണ്ട് ചുരുണ്ട് ചുരുങ്ങി കൂടിയിട്ടും 
അതെന്റെ കുടിയിലേക്ക് 
തുറിച്ച നാക്കും കൊണ്ട് ഇഴഞ്ഞു കേറി 
 എത്രയുറക്കെ നെലോളിച്ചതാണ് 
കരഞ്ഞു പറഞ്ഞതാണ് 
എന്നിട്ടാരു കേള്‍ക്കാനാണ് 

വന്നവരു കണ്ടും പടം പിടിച്ചും പോയി
വരാത്തവരു  അകലങ്ങളിലിരുന്നു വേദനിച്ചു 
ചിലരെഴുതി, പ്രസംഗിച്ചു 
ചിലവന്മാര് നാടകം കളിച്ചു 
ബോധവല്‍ക്കരിച്ചു 
എന്നിട്ടോ..?

രാത്രി, 
തല പെരുക്കാത്ത 
ഇഴഞ്ഞു നടക്കാത്ത 
വളര്‍ന്നിട്ടും കുഞ്ഞായിരിക്കാത്ത
ആയുസെത്താതെ മരിക്കിലെന്നുറപ്പുള്ള 
കുഞ്ഞങ്ങളെ കേട്ടിപ്പിടിച്ചുറങ്ങി 

അന്ന് രാത്രിയും 
ഞങ്ങളുടെ കുഞ്ഞുങ്ങള്‍ 
ഞെരങ്ങി മരിച്ചു 
വിഷം പകരാത്ത വെള്ളം കിട്ടാതെ
ഇനിയും രാത്രികള്‍ പിറക്കുമെന്ന് 
ഞങ്ങടുള്ള് കിടുങ്ങി.

പിന്നെയോ ..?
ചോരയില്‍  വെള്ളം ചേരാത്ത 
കുട്ടികളെ കാത്തിരുന്നു 
അവരു വന്നീ
പുറ മുകളില്‍ വട്ടം പാറുന്ന 
ഭീകര മേഘത്തിനെ
കത്തിചൊടുക്കുന്നത് 
കിനാവ്‌ കണ്ടു 
ഞങ്ങടെ   തൊടിയില്‍ പുല്‍നാമ്പ് കിളിര്‍ക്കുന്നു 
ഞങ്ങടെ കുട്ടികള്‍ ഓടികളിക്കുന്നത് 
ഞങ്ങടെ മടങ്ങിപ്പോയി വസന്തങ്ങള്‍ 
തിരിച്ചു വരുന്നത് 

ഞങ്ങടെ കിനാവുകള്‍ക്ക് മേല്‍ 
എന്‍ഡോ സള്‍ഫാന്‍ തളിക്കാതിരുന്നെങ്കില്‍ 

Wednesday, February 2, 2011

പ്രണയം

അവള്‍  പറഞ്ഞത് ,
എന്റെ  അനേകായിരം  ചോദ്യങ്ങളില്‍ 
നീ  ഉത്തരമായി തീരുന്നു 
നിന്റെ   വാക്കുകളില്‍   ഞാന്‍ 
എന്നെ  കണ്ടെടുത്തത് 
നടന്നു  തീര്‍ത്ത  വഴികളില്‍  പുതുമ  കണ്ടെത്തുന്നു 
നീ  കൂടെയുണ്ടാവുമ്പോള്‍ 
ഞാന്‍  കവിത  കണ്ടെത്തുന്നു
എന്റെ  മറുപടി ,
എത്രയോ  വട്ടം 
ആരൊക്കെയോ  പറഞ്ഞ  വരികള്‍ 
എന്നിട്ടും   നീ  പറഞ്ഞു  തുടങ്ങുബോള്‍ 
ഞാന്‍  കാതോര്‍ത്തു  പോകുന്നു 
ഓര്‍ത്തു  വെക്കുന്നു 
വീണ്ടും  വീണ്ടും  എടുത്തു  താലോലിക്കുന്നു 
 
ഞങ്ങള്‍   പറഞ്ഞു  നിര്‍ത്തുന്നത് ,
ഘര്‍ഷനമില്ലാത്ത  പാതകള്‍ 
അപകടങ്ങളാണ് 
വഴുതി  വീഴാവുന്ന 
അനേകായിരം
കൊക്കകള്‍ക്ക് 
നടുവിലാണ്  ജീവിതം
ആയതു  കൊട്  നീയെന്നിക്കും    ഞാന്‍  നിനക്കും 
പ്രിയമുള്ളവരായിരിക്കാന്‍
ഈ  വാക്കുകളും    താളവും  ഞങ്ങളുപെക്ഷിക്കയാണ് 

Sunday, January 16, 2011

വീണ്ടും ഞാന്‍ എഴുതിത്തുടങ്ങുന്നു.


ഇരുട്ട് പരന്നപ്പോള്‍
വലിച്ചെറിഞ്ഞ ഒരു വാക്ക്
അത് കൊണ്ടാണ്,
അമ്മയുടെ കണ്ണ് നിറഞ്ഞത്,
വേലിയരികില്‍ പൂത്തു നിന്ന
രണ്ടു കണ്ണുകള്‍ കൊഴിഞ്ഞു വീണത് ,
എന്റെ കുതികാല്‍ വീണു മുറിഞ്ഞു പോയത്

പകലായ പകലൊക്കെ
അത് തിരിച്ചു പിടിക്കാന്‍ നടന്നു
തെണ്ടി നടന്നു ,തെറി കേട്ടു
പരിഹാസങ്ങള്‍ ,
അവഗണന
എന്റെ തോന്നലുകളില്‍
ഞാന്‍ എന്ന  പാഠം
കീറിപ്പറിഞ്ഞുപോയി

ഇന്നലെ
അന്തമില്ലാതെ നടന്നു പോകുമ്പോള്‍
മുനയൊടിഞ്ഞ ഒരു വാക്ക്
കാലില്‍ തട്ടി കുടഞ്ഞു കളഞ്ഞിട്ടും
കുടുങ്ങി കിടക്കുന്നു

അങ്ങിനെ
വീണ്ടും ഞാന്‍ എഴുതിത്തുടങ്ങുന്നു.

Wednesday, January 5, 2011

മാലാഖ

ഇന്നലെ ,
"ഞാന്‍  നിന്നെ ചുംബിച്ചോട്ടെ  "
അവളുടെ  നനഞ്ഞ ചുണ്ടുകളെ   നോക്കി  ,
പ്രണയാതുരനായി ഞാന്‍ ചോദിച്ചു 
"വേണ്ട,
അവള്‍  തടഞ്ഞു 
"ഞാന്‍ വിശുദ്ധപ്രണയത്തിന്റെ കാവല്‍ മാലാഖയാണ് "

ഇന്ന് ,
കടിച്ചു പൊട്ടിച്ച ചുണ്ടുകളും 
മാന്തി പൊളിച്ച തുടകളും
തൂങ്ങിയടര്‍ന്ന മാറിടങ്ങളുമായി 
അവള്‍ തെരുവില്‍ മരിച്ചു കിടന്നു 


ഗുണപാഠം 
മാലാഖമാര്‍ പൂക്കാറില്ല 
പുഷ്പിക്കാന്‍ അവര്‍ക്ക് അവകാശമില്ല


(കേരള കവിതയില്‍  വന്നത് )