Wednesday, March 23, 2011

+97155646568(കഥ )

ചോദ്യം : പത്തക്കങ്ങൾ കൊണ്ട് എന്തുണ്ടാക്കാനാണ്?
ഉത്തരം : ഇക്കണ്ടതെല്ലാം ആ പത്തക്കം കൊണ്ടുണ്ടായതാണ്.

ആ ഉത്തരത്തിൽ നിന്നാണ് ഞാൻ പഠിച്ചു തുടങ്ങിയത്, കൂട്ടാനും കുറയ്ക്കാനും പിന്നെ, പിന്നെ എത്രയെത്ര  കളികൾ, കോരിക്കുടിച്ചിട്ടും ഊളിയിട്ടു കളിച്ചിട്ടും പിന്നെയും അക്കങ്ങൾ ബാക്കിയായി.  വീട്ടിൽ എത്തിയപ്പോൾ കുടുങ്ങി കുടുങ്ങി പോകുന്ന കണക്കുകളിൽ പത്തക്കത്തിന്റെ ബാക്കി കളികൾ അച്ഛൻ പറഞ്ഞു തന്നു. 

ഓരോ ക്ലാസ്സുകളിലും പത്തക്കം കൊണ്ട് ഒരുപാടൊരുപാടുണ്ടാക്കാമെന്ന് ഞാൻ കണ്ടുപിടിച്ചു. ആറാം ക്ലാസ്സിൽ പൂജ്യത്തിനു താഴേക്കും ഒരു ലോകമുണ്ടെന്നു  തിരിച്ചറിഞ്ഞു. ന്യുനതകളുടെ ആറാട്ട്.  എട്ടു കഴിഞ്ഞപ്പോൾ അത് ശീലമായി. അക്കങ്ങൾ എനിക്ക് മടുത്തു.  അക്ഷരങ്ങള്‍ക്ക് നിറമുണ്ടെന്നു മനസിലായി. പുറത്തിറങ്ങാതെ അറയ്ക്കകത്തു അടച്ചിരുന്ന ഏഴ് ദിവസങ്ങൾ. അന്നാണ് അതിനു പൂമ്പാറ്റച്ചിറകുകളും കാരിരുമ്പിന്റെ കരുത്തുമുണ്ടെന്നു മനസിലായത്. അമ്പത്തിയാറു അക്ഷരങ്ങൾ കൊണ്ട് പത്തക്കങ്ങളേക്കാൾ എത്രയെത്ര സാധിക്കാം, ഉറങ്ങാഞ്ഞിട്ടും മയങ്ങാഞ്ഞിട്ടും ആ വലിയ ലോകം എന്നെ വല്ലാതെ കൊതിപ്പിച്ചു.

വളരാതെ ഞാൻ വലുതായി, ഇടയ്ക്കൊക്കെ കണ്ണെഴുതി അക്ഷരം കൊണ്ട് മായാജാലം കാണിക്കുന്ന ഒരു വലിയ പെണ്ണാകുന്നത്  സ്വപ്നം കണ്ടു നടന്നിരുന്ന കാലം. വീണ്ടും പഴയ ഉത്തരം എന്നെ നോക്കി ചിരിച്ചു. ഞാൻ ചോദ്യങ്ങൾ ചോദിക്കാൻ മറന്നു പോയോന്നു ഉത്തരം കണ്ടു പിടിക്കാൻ മെനക്കെടാറില്ലെന്നു അക്കങ്ങൾ വേദനിച്ചു.  എനിക്കു അക്കങ്ങളിൽ അക്ഷരത്തിന്റെ മധുരം വേണമായിരുന്നു. കാടും സംഗീതവും കടലിന്റെയാഴവും, മണ്ണിന്റെ  ഉർവ്വരതയും വേണമായിരുന്നു. അങ്ങിനെ അക്കങ്ങൾ പത്തല്ല പതിനൊന്നാണെന്നു മനസിലായി. 

പത്തക്കങ്ങളുടെ ലോകം കടലാസിലൊതുങ്ങുമായിരുന്നു. കണക്കെന്ന് പേരും കിട്ടിയിരുന്നു.  പതിനൊന്നക്കങ്ങൾ, മാറില്ലായിരുന്നു. തലക്കെട്ട്‌ കണ്ട പതിനൊന്നക്കങ്ങളില്ലേ അവിടുന്നാണ് തുടങ്ങിയത്.  അക്കങ്ങൾ എന്നെ സ്നേഹിക്കുന്നത് ഉറങ്ങുമ്പോഴും മയങ്ങുമ്പോഴും പാടത്തും പറമ്പിലും ഒറ്റയ്ക്കു നടക്കുമ്പോഴുമൊക്കെ ഞാൻ സ്വപ്നം കണ്ടു. നീന്തി നീന്തി പുഴയെ ഞാൻ പെണ്ണാക്കി തീര്‍ത്തു. ഇക്കിളികൂട്ടിലെ കവിതയ്ക്കു തേൻ കിനിഞ്ഞു. എത്രയെത്ര പേരുകളാണ്, ശബ്ദത്തിൽ നിന്നും സൗന്ദര്യമുണ്ടായി, നാദബ്രഹ്മമെന്നു നെഞ്ചോടു ചേര്‍ത്തു ഞാൻ മന്ത്രിച്ചു. കണ്ണാടിയിൽ എന്നെ കണ്ട ഞാൻ  പിന്നെയും പിന്നെയും നാണിച്ചു.
"രൂപ രസ ഗന്ധ സ്വരിശ
സാമാന്യ വിശേഷ സമവായ അഭാവ
സപ്ത പദാര്‍ത്ഥ"

അച്ഛൻ പിന്നെയും ചൊല്ലി തന്നു.  എനിക്കു തലയിൽ കേറിയില്ല. എനിക്കു തര്‍ക്കശാസ്ത്രം പഠിക്കേണ്ട, അറിവ് കൊണ്ട് ആളുകളെ അമ്പരിപ്പിക്കേണ്ട,  വലിയ സദസ്സുകൾ കീഴടക്കേണ്ട.  പിന്നെയോ ? വാക്കുകളും  വാചകങ്ങളും കൊണ്ട് ഞങ്ങൾ പണിയുന്ന സ്വര്‍ഗത്തിന്റെ ഉള്ളറകൾ സ്വപ്നം കണ്ടാൽ മാത്രം മതിയായിരുന്നു. എനിക്കു വഴങ്ങാത്ത വാക്യങ്ങൾ അച്ഛനെ ചൊടിപ്പിച്ചു.  അച്ഛന്റെ അമ്മുക്കുട്ടി ഒരു പെണ്ണിനെപോലെ കൊഞ്ചുകയും കിണുങ്ങുകയും ചെയ്യുന്നത് കണ്ടു അച്ഛനു വേദനിച്ചു. പ്രണയിച്ചു നടന്ന നാളുകളൊക്കെ ഒരു നിമിഷം കൊണ്ട് അച്ഛനു കയ്ച്ചു. അച്ഛന്റെ താടിയും മീശയും അതു കണ്ട് വിളറിവെളുത്തു.

എന്റെ കണ്ണിലും കാതിലും  പിന്നെ ഉടലാകെയും വാക്കുകൾ, കേട്ട വാക്കുകൾ ഞാൻ വീണ്ടും വീണ്ടും കേട്ട് നെഞ്ചിലൊളിച്ചു വെച്ചു താലോലിച്ചു കൊണ്ടിരുന്നു. അമ്മ നാടായ നാട് മുഴുവൻ നടന്നു വെള്ളമേറ്റി കൊണ്ട് വന്നിട്ടു. എനിക്കു ചുറ്റും വാസനയുണ്ടായി. മഴ പെയ്യുമ്പോൾ കുളിരാതിരിക്കാൻ വാക്കെന്നെ ചുറ്റിപ്പിടിച്ചു.  വെറും വാക്കിൽ പ്രണയം കണ്ടെത്തുന്ന ഞാൻ വിഡ്ഢിയാണെന്ന് എന്റെ കൂട്ടുകാരി ഓര്‍മ്മിപ്പിച്ചു. ഞാൻ അവളുടെ പത്തക്കങ്ങൾ സൗകര്യപൂര്‍വ്വം മറന്നു (പത്തിനെക്കാൾ വലുതാണല്ലോ പതിനൊന്ന്) പിന്നെ ഞങ്ങളൊരുമിച്ചു കടൽ കാണാൻ പോകുന്നതും, കടലത്തിരകള്‍ക്ക് നടുവിൽ അവന്റെ കരുതലിൽ ഞാൻ സുരക്ഷിതയാകുന്നത് (ഒക്കെ അവനെന്റെ  കാതിൽ പറഞ്ഞത് തന്നെയാണ് എന്നാലും) സ്വപ്നം കണ്ടു.  അവന്‍ ഉമ്മ വെയ്ക്കാഞ്ഞിട്ടു എന്റെ കവിളുകൾ തുടുത്തു.  എന്റെ നടപ്പിനു താളമുണ്ടായി.  പിന്നെ, "നീ ഒരു പെണ്ണേ ആകുന്നില്ലെന്നു" നൂറു നീരിക്ഷണങ്ങള്‍ക്കു നടുവിലേക്ക് ഞാൻ പെണ്ണായി വളര്‍ന്നു.

എന്റെ കവിതകളിൽ മെഴുക്കടിഞ്ഞു കൂടിയെന്ന് അച്ഛൻ  പരാതിപ്പെട്ടു.  എന്റെ വാക്കിന്റെ മൂര്‍ച്ചകെട്ടു പോയെത്രെ. എനിക്കു ദേഷ്യം വന്നു.
"കവിതയെക്കുറിച്ചെന്തറിയാം ?" ഞാൻ പൊട്ടിത്തെറിച്ചു.  അച്ഛന്‍റെ തൊണ്ടയിൽ കവിതയും അനുഭവവും വറ്റി. ഒരു പെൺകുട്ടിയുടെ അച്ഛനായിരിക്കുക എത്ര നിര്‍ഭാഗ്യകരമാണെന്ന് അച്ഛന്‍റെ കുഴിഞ്ഞ കണ്ണുകളോര്‍മ്മിപ്പിച്ചു. എന്നിട്ടും, ഞാൻ സ്വര്‍ഗം പണിയുന്നത് ആകാശത്തിനും ഭൂമിയ്ക്കും നടുവിലെ പെയ്തു തീരേണ്ട   മേഘങ്ങള്‍ക്ക് മീതെയാണെന്ന് അച്ഛൻ പറഞ്ഞവസാനിപ്പിച്ചു.  ഒരു രാത്രി എന്റെ അശരീരിയ്ക്ക് മീതെ ചിരട്ട കനൽ പാറി വീണു. ആ ചൂടിൽ എന്റെ കണ്ണീർ കരിഞ്ഞുപോയി.  ക്ലോക്കിലേക്ക് പാറി നോക്കി നിസ്സംഗനായി അച്ഛൻ ചതുരംഗത്തിന്റെ അപ്പുറവുമിപ്പുറവും കളിച്ചു.
ഞാൻ കേട്ട വാക്കുകൾ,
എന്നും കേട്ട വാക്കുകളേക്കാൾ ഉറച്ചുറച്ച് പോയത്,  ചുരുങ്ങി ചുരുങ്ങി പോയത്, വികാരവും വിചാരവുമില്ലാത്ത വാക്കുകൾ കാരണത്തിനു വേണ്ടിയുള്ള കാരണങ്ങൾ. ഉരുക്കിവാര്‍ത്ത സ്വപ്നങ്ങൾ ഉരുകിയൊഴുകി നെരുമണ്ടയ്ക്ക് വീണു.  വകഞ്ഞു കെട്ടിയ തലമുടിക്ക് നടുവിലൂടെ സീമന്തരേഖയിലൂടെ അതുരുകിയൊലിച്ചു പോയി. എന്റെ കൊട്ടാരത്തിനു കീഴിലെ മേഘം അന്ന് രാത്രി പെയ്തു തീര്‍ന്നു, പൊളിഞ്ഞ കൊട്ടാരത്തോടൊപ്പം ആ മഴയിൽ എന്നിലെ പെണ്ണ് ഒഴുകിയൊലിച്ചു പോയി.
ഓടിക്കിതച്ചു വന്ന അച്ഛന്‍റെ കുതിരയുടെ കാലിൽ, എന്റെ രാജാവ് തോറ്റു പോകുന്നു.
അച്ഛന്‍ ഉപേക്ഷിച്ച ചതുരംഗക്കളം ഇനിയെനിക്ക് സ്വന്തമാണ്.  ഇനിയും  എന്റെ  കൂടെ കളിക്കേണ്ടയെന്നു അല്ലെങ്കിൽ എന്നോടൊനും പറയേണ്ടെന്ന്  അച്ഛന്  തോന്നിക്കാണണം.  അപ്പുറവുമിപ്പുറവുമിരുന്നു ഞാൻ തനിയെ കളിക്കേണ്ടിവരും.
അനുഭവങ്ങൾ കൊണ്ട് പഠിക്കാത്തവർ വിഡ്ഢികളാണ്. control systems ന്റെ ക്ലാസ്സിൽ രത്തൻ സാർ എത്രയോ തവണ പറഞ്ഞു പഠിപ്പിച്ചതാണ് feed back കളുടെ പ്രാധാന്യത്തെ പറ്റി. feed back കളില്ലാത്ത  ഒരു system എങ്ങിനെ ശരിയാവാനാണ്?
ആ അവസാനത്തെ ഫീഡ് ബാക്ക് ലൂപിൽ ഞാൻ പറഞ്ഞവസാനിപ്പിക്കട്ടെ.

ഇക്കണ്ടതും ഇനി കാണാനുള്ളതുമെല്ലാം ആ പത്തക്കങ്ങൾ കൊണ്ടുണ്ടായതാണ്, അഥവാ ഉണ്ടാവേണ്ടതാണ് .

Wednesday, March 9, 2011

വേഷപകര്‍ച്ച


പച്ച  വേഷമായിരുന്നു  ഏറെയിഷ്ട്ടം  

കളി  വിളക്കിന്റെ  പകുതി
പങ്കിട്ടു   ശൃംഗാരം ചുണ്ടിലോളിപ്പിച്ചു 

വിടര്‍ന്ന  കണ്ണുകള്‍  കൊണ്ട്  ചിരിക്കുന്ന
മിനുക്ക്‌  അരങ്ങില്ലെത്താനാണ്  കാത്തിരുന്നത്
ചെല്ലി  പഠിഞ്ഞ പദങ്ങളില്‍  

വേദിയില്‍ നിറഞ്ഞു  നിന്നത്
തിരശീലയായിരുന്നു
മഞ്ഞയും  ചുവപ്പും  കറുപ്പും
ഒക്കെ  ചതുരങ്ങള്‍
എന്നെയും   നിന്നെയും    പോലെ
ഒന്നിനുള്ളില്‍  ഒന്നായിയടുക്കിയിട്ടും
ചേര്‍ന്ന്  പോകാത്തത്
വേഷം  പുതച്ചതല്ല 
തിരശീലയിപ്പോള്‍  ഭീമന്റെ
നെഞ്ചില്‍  ചുറ്റി  വരിഞ്ഞിരിക്കയാണ്
മിനുക്ക്‌ കാത്തു
ഞാനിപ്പോള്‍  കീചകനെ  പോലെ
ശൃംഗാരപടമാടുകയാണ്

പക്ഷേ,
അതെ, നാം  കഥയറിയാതെ  ആട്ടം  കാണുകയല്ല
കഥയറിയാം  ,
തിരശീല  നീങ്ങാത്തത്   കൊണ്ട്
തേപെടുന്നില്ല,,ആടുന്നുമില്ല
ഇനിയുമേരെയെന്തിനാണ്   
ആട്ടം  കാണുന്നത്
പഴയപോലെ രാത്രികള്‍
ഉറങ്ങിതീര്‍ക്കാമല്ലോ

Wednesday, March 2, 2011

പൂണൂല്‍

പ്രണയം

മഷിയോലിക്കുന്നുണ്ട്
എഴുതിത്തുടങ്ങും മുന്നേ
കയ്യിലാകെ മഷിയാകും
എങ്കിലും എഴുതാതെ വയ്യല്ലോ

-----------------------
 പൂണൂല്‍
 
നെഞ്ചിനു കുറുകെയാണിട്ടത്   
പക്ഷേ,
ഹൃദയത്തിനു കുറുകെയും വീണു പോയി
അതുകൊണ്ടാണ്
മൈലാഞ്ചിയിട്ടു കറുത്ത
നിന്റെ  കാലുകള്‍ കാണാതെ പോയത്