Sunday, January 16, 2011

വീണ്ടും ഞാന്‍ എഴുതിത്തുടങ്ങുന്നു.














ഇരുട്ട് പരന്നപ്പോള്‍
വലിച്ചെറിഞ്ഞ ഒരു വാക്ക്
അത് കൊണ്ടാണ്,
അമ്മയുടെ കണ്ണ് നിറഞ്ഞത്,
വേലിയരികില്‍ പൂത്തു നിന്ന
രണ്ടു കണ്ണുകള്‍ കൊഴിഞ്ഞു വീണത് ,
എന്റെ കുതികാല്‍ വീണു മുറിഞ്ഞു പോയത്

പകലായ പകലൊക്കെ
അത് തിരിച്ചു പിടിക്കാന്‍ നടന്നു
തെണ്ടി നടന്നു ,തെറി കേട്ടു
പരിഹാസങ്ങള്‍ ,
അവഗണന
എന്റെ തോന്നലുകളില്‍
ഞാന്‍ എന്ന  പാഠം
കീറിപ്പറിഞ്ഞുപോയി

ഇന്നലെ
അന്തമില്ലാതെ നടന്നു പോകുമ്പോള്‍
മുനയൊടിഞ്ഞ ഒരു വാക്ക്
കാലില്‍ തട്ടി കുടഞ്ഞു കളഞ്ഞിട്ടും
കുടുങ്ങി കിടക്കുന്നു

അങ്ങിനെ
വീണ്ടും ഞാന്‍ എഴുതിത്തുടങ്ങുന്നു.

Wednesday, January 5, 2011

മാലാഖ













ഇന്നലെ ,
"ഞാന്‍  നിന്നെ ചുംബിച്ചോട്ടെ  "
അവളുടെ  നനഞ്ഞ ചുണ്ടുകളെ   നോക്കി  ,
പ്രണയാതുരനായി ഞാന്‍ ചോദിച്ചു 
"വേണ്ട,
അവള്‍  തടഞ്ഞു 
"ഞാന്‍ വിശുദ്ധപ്രണയത്തിന്റെ കാവല്‍ മാലാഖയാണ് "

ഇന്ന് ,
കടിച്ചു പൊട്ടിച്ച ചുണ്ടുകളും 
മാന്തി പൊളിച്ച തുടകളും
തൂങ്ങിയടര്‍ന്ന മാറിടങ്ങളുമായി 
അവള്‍ തെരുവില്‍ മരിച്ചു കിടന്നു 


ഗുണപാഠം 
മാലാഖമാര്‍ പൂക്കാറില്ല 
പുഷ്പിക്കാന്‍ അവര്‍ക്ക് അവകാശമില്ല


(കേരള കവിതയില്‍  വന്നത് )

Wednesday, December 22, 2010

മല മുകളിലെ ഒറ്റ മരം !!!

         "മനുഷ്യനെ കുറിച്ച് ചിന്തിക്കാറുണ്ടോ ".അതായിരുന്നു ചോദ്യം "എപ്പോഴും" അതുത്തരവും എന്താണ് ചിന്തിക്കുന്നതെന്ന് ചോദ്യത്തിനു എനിക്കുത്തരമില്ലായിരുന്നു.ഏതോ വഴുവഴുത്ത വാക്കുകളിലുടെ ഞാനാ ഇരുട്ടില്‍ നിന്നു രക്ഷപ്പെടുന്നു.എക്സ്പ്രസിലെ ഏറ്റവും സുന്ദരനായ ആണ്‍ കുട്ടിയുടെ ചോദ്യത്തില്‍ നിന്നും രക്ഷപ്പെടാനാണ് സിസ്റ്റം ഷട്ട് ഡൌണ്‍ ചെയ്തത് ഞാന്‍ പുറത്തേക്കിറങ്ങിപ്പോന്നത്.എന്നിട്ടും എന്റെ നീണ്ട മുടിയുടെ അറ്റത്ത് ആ ചോദ്യം ചുറ്റിപ്പിടിച്ചു (ഞാനനറിഞ്ഞിരുന്നില്ല,എല്ലാവരും അഥവാ എല്ലാ പെണ്‍ കുട്ടികളും അറിയാതെ പോകുന്നുവല്ലേ അല്ലെ )

            ആദ്യത്തെ ബസ് മാറി കേരുംബോഴാന്നു ആ ചോദ്യമെന്റെ തലയില്‍ രണ്ടു കൊമ്പുകളും കുത്തിയിറക്കിയത്.സ്വപനങ്ങള്‍ക്കും ഓട്ടങ്ങള്‍ക്കുമിടയില്‍ ഒരു കോമയിട്ട് മരണത്തിലേക്ക് കുഴഞ്ഞു പോകുന്നവരുടെ കൂട്ടത്തില്‍ ഞാനും പെടുമോ എന്ന് ഞാനപ്പോള്‍ സംശയിച്ചതാണ്.കയ്യിലുള്ള രണ്ടു പുസ്തകങ്ങളും അടുത്തിരിക്കുന്ന ചേച്ചിയുടെ കയ്യില്‍ കൊടുത്തു ഞാന്‍ ബാലന്‍സ് വീണ്ടെടുത്തു.അടുത്ത് നില്‍ക്കുന്നവന് പുളിച്ച കള്ളിന്റെ മണമായിരുന്നു.അയാളുടെ കുപ്പായത്തിന്റെ കുടുക്കുകളൊക്കെ വിട്ടിരുന്നു, അല്ല അവയൊന്നും ഇട്ടില്ലായിരുന്നു.സത്യത്തില്‍ എനിക്കോക്കാനം വന്നു എങ്കിലും മുഖത്ത് നോക്കി ചിരിച്ചപോള്‍ ഞാനും ചിരിച്ചു .അപ്പോള്‍ സേതുട്ടനോട്
എനിക്ക് മുഖം കറുപ്പികാന്‍ വയ്യല്ലോ? പണ്ട് കുറെ പൊതിഞ്ഞു കെട്ടി തന്നിട്ടുള്ളതാണ്. ദോശയും ചമന്തിയും പിന്നെയുമേന്തോക്കെയോ, എത്രയോ ഉച്ചയ്ക്ക് സേതുട്ടന്റെ പൊതി കൂടെ കൊണ്ട് നടന്നിരിക്കുന്നു .ഇടിഞ്ഞു പൊളിഞ്ഞു കൂരയുടെ സ്ഥാനത്ത് നല്ല സിമന്റ് കെട്ടിടം ,തകര്‍ന്ന സേതുട്ടന്‍ ആടിയാടി വീട്ടിലേക്ക് കയറുന്നത് ബസ്‌ എടുക്കുന്നതിനു മുന്നേ ഞാന ജനലിലുടെ കണ്ടു.കുന്നിന്റെ മുകളില്‍ ഒരറ്റ മരമേയുള്ളൂ ഈ കാറ്റായ കാറ്റൊക്കെ തടയാനും മഴ കൊള്ളാനും,കിളികള്‍ക്ക് പാറി വന്നിരിക്കാനും ഒക്കെത്തിനും കൂടെ ഒരറ്റ മരം ,ഈ വലിയ കെട്ടിടത്തില്‍ നിന്ന് നോക്കുമ്പോള്‍ എനിക്കാ കുന്നു ആ ഒരറ്റ മരം തന്നെയാകുന്നു ,കാണെക്കണെ ആ മരത്തിന്റെ വേരുകള്‍ക്ക് എന്റെ മുടിയുടെ നിറമുണ്ടാകുന്നു അതിന്റെ പൂക്കള്‍ക്ക് മനുഷ്യന്റെ മണം

           ഈ ബസ് മാത്രം അല്ല എല്ലാ ബസ്സുകളും ഇങ്ങിനെ തന്നെ യാണ് ,പച്ച മനുഷ്യന്റെ മണമുള്ള ബസ്സുകള്‍ ,നൂറു നൂറു തരം മണങ്ങള്‍ ,ചന്ദ്രിക സോപ്പിന്റെ ,കുട്ടികൂര പൌഡറിന്റെ,മണ്ണിന്റെ, വിയര്‍പ്പിന്റെ ,കള്ളിന്റെ പിന്നെ പേര്‍ഫ്യുമുകളുടെ ,പാറ്റ മിട്ടായിയുടെ,എന്റെ അരികില്‍ ചേര്‍ന്ന് നിന്ന് പെണിന്നു മുലപ്പാലിന്റെ മണമായിരുന്നു .അവളുടെ നെഞ്ചിലെ നനവ്‌ തട്ടി ,എന്റെ നെറ്റിയില്‍ രണ്ടു കാലും നീട്ടി വെച്ച്റങ്ങിയിരുന്ന ആ ചോദ്യം ഞെട്ടിയുണര്‍ന്നു .ആ അമ്മയുടെ നെഞ്ചിലേക്ക് ഉണ്ട കണ്ണ് തുറിച്ചു അതെന്റെ നെറ്റിയിലെ ചാന്തു ചുരണ്ടിയെടുത്തു.എന്നിട്ട് സ്വയം മറ്റൊരു രൂപം സ്വീകരിച്ചു "എന്താണ് മനുഷ്യന്റെ അടിസ്ഥാന പ്രശനം "

        കുന്നിന്റെ മുകളിലെ കാറ്റ് ഒറ്റ മരത്തിനു താങ്ങാനാവുനതിലുമേറെയായിരുന്നു ആടിയുമുലഞ്ഞും അതങ്ങനെ പേടിപ്പിച്ചു ,ആ മരമൊരു കാറ്റില്‍ വീണു പോകുമെന്നും അപ്പോള്‍ മാനത്തെ അമ്മയുടെ കണ്ണീരു വീണു കുന്നു തന്നെ ഒലിച്ചു പോകുമെന്നും ഞാന്‍ ഭയപ്പെട്ടു ,എനിക്കെന്തോ,പെട്ടന്ന് അര്‍ജുന്നിനെ ഓര്മ വന്നു .ഒരിക്കലെന്നോ അയാളിങ്ങനെതന്നെ എനിക്കെഴുതിരുന്നു; പിടിച്ചു നില്ല്ക്കാന്‍ പെടാപ്പാട്പ്പെടുന്ന ഒറ്റ മരമാണയാളെന്നും ,അന്ന് ഞാന്‍ ഉപ്പുരസമുള്ള മഴകള്‍ക്ക്‌ പിറകെയായിരുന്നു.

              ഈ ലോകത്ത് ഏറ്റവും പ്രയാസം പ്രണയിക്കനാണെന്നും അയാളായിരുന്നു എഴുതി വെച്ചത് .എനിക്കെന്തോ അയാളോട് യോജിക്കാനൊക്കില്ലായിരുന്നു.കാരണം ചോദിച്ചപ്പോള്‍ പതിവ് പോലെ കോറി വെയ്ക്കുകയാണ് . "ഞങ്ങള്‍ പ്രണയത്തെക്കുറിച്ചല്ല ,ജീവിതത്തെക്കുറിച്ചാണ് ചിന്തിക്കുന്നത് ,മുലപ്പാല് വീണ നന്നഞ്ഞ ബ്ലൌസിന്റെ മണമുള്ള,വിപ്രോയുടെ H R മനെജെറിന്റെ മുന്നിലിരുന്നു വിയര്‍ക്കുബോള്‍ തിരിച്ചറിയുന്നു അടച്ചിട്ട മുറിയുടെ മണമുള്ള ,പിന്നെയീ ബസില്‍ നിറയുന്ന ഗതികെട്ട മണങ്ങള്‍ നിറയുന്ന ജീവിതത്തെക്കുറിച്ച് .ഇങ്ങനെ നട്ടം തിരിയുന്ന ഞങ്ങള്‍ക്ക് ജീവിക്കാനാണ് കൂട്ടുകാരെ പ്രയാസം ,കെട്ടിയവന്റെ തല്ലു കൊണ്ട് തുടങ്ങുന്ന ഈ ജീവിതം, ജീവിച്ചു തീര്‍ക്കാന്‍ ,ഞങ്ങളുടെ കുട്ടികളുടെ വരണ്ട തൊണ്ട നന്നാക്കാന്‍ പിന്നെ ,ഇല്ല അര്‍ജുന്‍ നിങ്ങള്‍ക്കെന്നല്ല ഒരാള്‍ക്കും മുനുഷ്യനെ ക്കുറിച്ച് പറഞ്ഞു തരാന്‍ ഞാനശക്തയാണ്.

             ബസിറങ്ങി വീട്ടിലേക്ക് നടക്കുബോള്‍ ആലസ്യത്തിന്റെ ഒരു വലിയ കൊട്ടുവായിട്ട് ആ ചോദ്യം എന്റെ തോളത്ത് തളര്‍ന്നു കിടന്നു.മൂന്ന് പേര് കെട്ടി തൂങ്ങി ചത്ത മാവിന്റെ അപ്പുറത്ത് തുറിച്ച കണ്ണുമായി മലര്‍ന്നു കിടക്കുന്ന തൊടിയിലേക്ക്‌ അതിനെ തട്ടിയിടാമെന്നു കരുതിയതാണ് ,എങ്കിലും .....(നോക്ക് അര്‍ജുന്‍ ഈ എങ്കില്മാണ് ഞങ്ങളാത്ര ജീവിതത്തില്‍ ഇങ്ങനെ നീറിനെ പോലെ കടിച്ചു തൂങ്ങി കിടക്കുന്നത് ) ഇപ്പോള്‍ ആ മാവാന്നു കുന്നിന്‍ മുകളിലെ ഒറ്റമരമെന്നു എനിക്ക് തോന്നി .മണ്ണിന്റെ നനവുകള്‍ തേടി ആഴ്ന്നിറങ്ങിയ അതിന്റെ വേരുകള്‍ മനുഷ്യനെ കുരുക്കിട്ടു പിടിക്കുമെന്നും പിന്നെ അതിന്റെ കൊമ്പില്‍ എന്റെ തോളിലെ ചോദ്യം പോലെ തളന്നു കിടന്ന അത്മാകളുടെ തേങ്ങലില്‍ എന്റെ ഭാഷ അശക്തമായി പോകുമെന്നും .

      ഇല്ല അര്‍ജുന്‍ ഈ ചോദ്യം ഞാന്‍ വലിച്ചെറിയുന്നില്ല.നീറിനെപ്പോലെ കടിച്ചു തൂങ്ങുമെങ്കിലും ഞാനതിനെ കൂടെക്കുട്ടാം.എഴുത്തുക്കാരിയാവാന്‍ വേണ്ടിയല്ല. മലമുകളിലെ ഒറ്റ മരത്തെ പ്രതിയുമല്ല .പക്ഷേ നനഞ്ഞു കുതിരുന്ന മാറുള്ള അമ്മമാര്‍ക്ക് വേണ്ടി പിന്നെ ചിരിക്കാനും കരയാനും സന്തോഷിക്കാനും അറിയാത്ത ,ഒരു ജന്മം മുഴുവന്‍ പണിതും അലഞ്ഞും തീര്‍ക്കുന്ന എന്റെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി അര്‍ജുന്‍ നിന്റെ ചോദ്യത്തിനീനീയുമുത്തരമായില്ലെന്നറിയാം എങ്കിലും ....

Tuesday, December 21, 2010

ഇതിഹാസം !!



അന്ന് ,
വിജയന്‍, ഇളവെയിലില്‍ 
നടക്കാനിറങ്ങിയ ,
രണ്ടു  ജീവബിന്ദുക്കളുടെ 
കഥ  പറഞ്ഞിരുന്നു 
അത്, ഇതിഹാസം !
ഇന്നലെ,
കിച്ചു നീ , നിലാവെളിച്ചത്തില്‍
കൈകോര്‍ത്തു  പറക്കുന്ന 
ഭൂമിക്കും  ആകാശത്തിനും 
പിന്നെ   കടലുകള്‍ക്കും  മീതെ 
പൊട്ടിച്ചിരിക്കുന്ന 
രണ്ടു  കുഞ്ഞാത്മാക്കളുടെ 
കഥ  പറഞ്ഞു  തന്നു 
അത്  പ്രണയം !
                എന്നിട്ട്  പകല്  തെളിയും 
               മുന്നേ   ചിരി  മാഞ്ഞു  പോകുമ്പോള്‍ 
               ചരടറ്റ  പട്ടം  കടലില്‍  വീഴുമ്പോള്‍ 
               പിന്നെയോരക്ഷരങ്ങള്‍ക്കും 
               നിറെ  നിശ്വാസങ്ങളുടെ 
               ചൂടില്ലയെന്നറിയുമ്പോള്‍               എന്റെ  പ്രണയം 
               ഇതിഹാസമാകും 
  
അങ്ങിനെ  ഇതിഹാസങ്ങള്‍ 
പുനര്‍ജനിക്കും !!!

Wednesday, December 8, 2010

ചിലമ്പ്



ഇന്നലെ
തെരുവില്‍ പാണന്റെ
പഴയ പാട്ട് ,
ആടിത്തിമിര്‍ക്കുന്ന പൂതന്‍,
ആകാശത്തേക്ക് ഒറ്റ കണ്ണ്
തുറിക്കുന്ന മയില്‍പ്പീലികള്‍,
വെള്ളാട്ടിന്റെ ചിലമ്പ്  ,
ഭഗവതിയ്ക്ക് തിരുനാള് !
കാളി കെട്ടിയവന്നുറഞ്ഞു തുള്ളി .
കാളകളാകാശം  മേഞ്ഞു നടന്നു
ആലിന്‍ ചുവട്ടില്‍ കള്ളു മോന്തി
മൂപ്പന്‍ ചമഞ്ഞിരുന്നു


ഇന്ന്
വെളിപ്പാട്  തറയില്‍
വെള്ളിച്ചപ്പാടുകള്‍ തുള്ളിയുറയുമ്പോള്‍
കാളികെട്ടിയവനെ കാത്തിരിക്കയായിരുന്നു
വന്നില്ല

അമ്പല മുറ്റം അളന്നു വിറ്റവന്
പേനത്തുമ്പ്‌ കൊണ്ട് ,
ആഘോഷങ്ങളക്കറ്റിയവനു  
തുപ്പകോളാമ്പിയും കൊണ്ട്
പോയതാകും
പെങ്ങള്‍ക്ക്  ജീവിതമുണ്ടാകാനും
ഭഗവതിക്ക് നേദ്യം മുടങ്ങാതിരിക്കാനും
അവനവന്റെ വിളക്കെരിയാനും
അവന്‍ തന്നെ വെളിച്ചപ്പെടണമല്ലോ

Monday, November 22, 2010

കഥയില്ലാത്തവരുടെ കഥ

        പണ്ട് പണ്ട് ഒരു രാജ്യത്തു ഒരു വലിയ കാടുണ്ടായിരുന്നു.കാടിന് നടുക്കായി നാലാള്‍ താഴ്ചയുള്ള കുത്തൊഴുക്കുള്ള പായലുപിടിച്ചു വഴുക്കുന്ന പാറകളുള്ള രണ്ടു പുഴകളുണ്ടായിരുന്നു.അതിനു നടുക്ക് ഒരൊറ്റ മരമുണ്ടായിരുന്നു.ആ മരത്തിനു അമ്മ മരമെന്നു തറ്റുടുത്ത ഏതോ സന്യാസി നാമകരണം ചെയ്തു.എന്തേ പുഴകള്‍ക്ക് നടുക്ക് മറ്റൊരു മരവും മുളയ്ക്കാഞ്ഞുവെന്ന് പുഴകള്‍ക്ക് അപ്പുറവുമിപ്പുറവുമുള്ളവര്‍ അന്തം വിട്ടു. ഈ ജാതിയൊരു മരം ഇക്കാണായ നാട്ടിലും പിന്നെ കാട്ടിലും കണ്ടിട്ടില്ലെന്നു അറിവുള്ളവര്‍ അത്ഭുതം കൂറി.രണ്ടു പുഴകളുടെയും ആഴങ്ങളിലേക്ക് അമ്മ മരം വേരുകളാഴ്ത്തി.സൂര്യന്റെ മുഖത്തിന്‌ നേരെ കൊമ്പുകളും ചില്ലുകളും നിവര്‍ത്തി പകലുകളില്‍ ഇലകളില്‍ നിറഞ്ഞു മഞ്ഞുത്തുള്ളികള്‍ കുടഞ്ഞെറിഞ്ഞു .അമ്മ മരം നെഞ്ചിലൊതുക്കി തലയുയര്‍ത്തി ഒരു പെണ്ണിനെ പോലെ നിറഞ്ഞു നിന്ന് ...

ഒരു ഇടവേളയെടുതോട്ടെ...

     എന്നെ പരിചയപ്പെടുത്താന്‍ , ഞാന്‍ ട്യൂഷന്‍ ടീച്ചര്‍ ആകുന്നു .വിഷ്ണു ശര്‍മയെ പോലെ കഥ പറഞ്ഞു , അവരുടെ കഥ പറഞ്ഞു പറഞ്ഞു രാജകുമാരന്മാരെ മനുഷ്യരാക്കാന്‍ എല്ലാ രാജാക്കന്മാരും എന്നോട് ആവശ്യപ്പെട്ടു. അങ്ങിനെ ഞാന്‍ കഥ പഠിച്ചു തുടങ്ങി. എന്നിട്ടും എന്റെ രാജകുമാരന്മാര്‍ക്ക് കഥ രസിക്കുന്നില്ല .രാജകുമാരിമാര്‍ക്ക് തല നിറയെ പേന്‍ കടിച്ചു. പ്രാണി കയറി പുതലിപ്പ് പോയ മര ഡസ്കിന്റെ ഇരുമ്പാണി മേലെ മുട്ടന്‍ പേനുകളെ വെച്ച് അവര്‍ തള്ള വിരല്‍ കൊണ്ട് മുട്ടി കൊന്നു.

    എന്റെ പ്രാര്‍ത്ഥനകളില്‍ കണ്ണീരുപ്പ് കയ്ച്ചു.അങ്ങിനെ ഞാന്‍ ഈ കഥകള്‍ ഒക്കെ മാറ്റി മാറ്റി എഴുതാന്‍ തീരുമാനമെടുത്തു .പഠിച്ച കഥകള്‍ വിരിപ്പായി വിരിച്ചു ഗുണം ചേര്‍ത്ത് സ്നേഹം ചാലിച്ച് പ്രാര്‍ത്ഥന പോലെ എഴുതി തുടങ്ങി .

ഇടവേളയുടെ സമയം തീരുകയാണ് .

ഒഴുകി പരക്കുമ്പോള്‍ വെള്ളമൊക്കെ തീര്‍ന്നു പോകുമെയോന്നു രണ്ടു പുഴകളും പേടിച്ചു ,പിന്നെ കടക്കണ്ണെറിഞ്ഞു രണ്ടു പേരും ഒറ്റ മരത്തിനെ കടാക്ഷിച്ചു.
ഓരോ പകലുകളിലും അവര്‍ പ്രണയിച്ചു ,ഇരുട്ടില്‍ നദിക്കു കോരിത്തരിച്ചു ,കാറ്റ് കൊണ്ട് വന്ന മരങ്ങളില്‍ അവരുടെ പ്രണയം സാധനയായി. വേരുകളിലൂടെ അമ്മ മരം അതറിഞ്ഞു.അമ്മ മരം അമ്മമരം അല്ലാതായി .അവള്‍ നെഞ്ചില്‍ നനവുള്ള പെണ്ണായി തീര്‍ന്നു.ചില്ലകളിലെന്നും വസന്തം വിരിഞ്ഞു .ഇലകള്‍ പഴുത്തു വീണില്ല .മരം നിറയെ പൂവണിഞ്ഞു .തുടുത്തും പഴുത്തതും കായ നിറഞ്ഞു ! കാവല്‍ നിന്ന പുഴകള്‍ക്ക് കുളിരുള്ള വെള്ളമായിരുന്നു .ഒരു മുതലയും ആ ആഴങ്ങളില്‍ തല ചേര്‍ത്ത് ഉറങ്ങിയതായി ,തല നരച്ച ഒരു തലയും മൊഴിഞ്ഞു തന്നില്ല . എന്നിട്ടും അമ്മ മരത്തിനെ തൊട്ടു പ്രാര്‍ത്ഥിക്കാന്‍ ഒരുത്തനും ധൈര്യം വന്നില്ല .അമ്മ മരത്തിന്റെ ചുവന്ന കായ്കള്‍ അമൃതാണെന്നു അത് ഭക്ഷിച്ചാല്‍ അമരത്വം കൈവരുമെന്നും അമ്മ മരത്തിന്റെ ഇലയിട്ടു വെന്ത വെള്ളം കൊണ്ട് കുളിച്ചാല്‍ കുഷ്ഠവും ഭേദമാകുമെന്ന് തല മൂത്തവര്‍ പറഞ്ഞു വെച്ചു.ആര്‍ക്കാണിത് ബോധ്യം വന്നതെന്ന് തിരിഞ്ഞു നടന്നവര്‍ പിറുപിറുത്തു .മൂപ്പെളയുടെ വാളാല്‍ ആ സ്വരങ്ങള്‍ ഗളഛെദം ചെയ്യപ്പെട്ടു...

വീണ്ടുമൊരു ഇടവേള കൂടെ,

     രാജാക്കന്മാര്‍ കൂലി തന്ന മുഷിഞ്ഞു നോട്ടുകള്‍ മേശപ്പുറത്തു മുഴച്ചു കിടന്നു .എന്റെ രാജകുമാരന്മാര്‍ കള്ള് കുടിച്ചിരുന്നില്ല, ഒരു പെണ്ണിന്റെയും ആകാരഭംഗി അവരെ അലട്ടിയില്ല .രാജകുമാരിമാര്‍ അടങ്ങിയൊതുങ്ങി നടന്നു .എന്റെ മുന്നില്‍ അനുസരണയോടെയിരുന്നു. എന്നിട്ടും അവരുടെ മാതാപിതാക്കള്‍ എന്റെ മുന്നില്‍ ചില്ലറത്തുട്ടുകള്‍ ഇട്ടു തന്നു എന്നോട് ആജ്ഞാപിച്ചു,

"ഇവരെ മനുഷ്യരാക്കൂ !"

     നിസ്സഹായതയുടെ ഒടുക്കത്തെ ഖന്ധികയില്‍ തപ്പി തടഞ്ഞു നിന്നവര്‍ ഞെട്ടിപ്പോയി ,ഞാനും അവരുടെ കൂടെ കൂടി .എവിടെയാണ് പിഴച്ചു തുടങ്ങുന്നതെന്നും എങ്ങിനെയാണ് അവര്‍ക്ക് ബോധിക്കാത്തവരായി ഇവര്‍ മാറുന്നതെന്നും ഞങ്ങള്‍ കൂടിയിരുന്നാലോചിച്ചു. പഠിക്കാത്ത പാഠങ്ങള്‍ മേശപ്പുറത്ത്‌ ഉറങ്ങി കിടന്നു .രാവായ രാവ് മുഴുവന്‍ അത് തന്നെയാണ് ആലോചിച്ചു കിടന്നത്.

        എത്രയോ കാലം ,എത്രയോ കാലമായി .ആ മരമിങ്ങനെ നിറഞ്ഞു നില്‍ക്കുന്നു .കടന്നു വന്ന ഓരോ പഥികനും അത്ഭുതമായി ,ജനിച്ചു വളര്‍ന്ന വാര്‍ത്തയല്ലാതായി. പറഞ്ഞു പറഞ്ഞു പതം വന്നിട്ടും പാഴാകാതെ തലയുയര്‍ത്തി നിന്ന മരം ,അമ്മ മരം ഉറങ്ങുന്നുണ്ടോ എന്ന് ആരും പറഞ്ഞു തന്നിരുന്നില്ല .ആ അപൂര്‍ണ്ണമായ അറിവിലേക്കാണ് ഞാനിപ്പോള്‍ ഉടക്കി നില്‍ക്കുന്നത്. ദിക്കറിയാനാട്ടില്‍ നിന്ന് ഒരു പുഴ എന്റെ കാലില്‍ വന്നു തൊട്ടു .ഞാന്‍ പുഴയെ അറിഞ്ഞു തുടങ്ങി .

         ശരത് പറയുന്നത് ഒരു പുഴയിലും നാം രണ്ടു വട്ടം ഇറങ്ങുന്നില്ലെന്നായിരുന്നു. എന്നിട്ടും ഈ കുളിര് എനിക്ക് ഏറെ പരിചയമുണ്ടായിരുന്നു .ദിവസങ്ങള്‍ക്കു ശേഷം എനിക്കുറക്കം വന്നു. അരണ്ട വെളിച്ചത്തില്‍ ഞാന്‍ ആകാശ ത്തിലേക്കുയര്‍ന്ന പുളിമരം കണ്ടു .കീഴെ റോഡില്‍ ചതഞ്ഞു അരഞ്ഞ പുളികള്‍ എന്റെ കാലില്‍ ഒട്ടിപ്പിടിച്ചു .ചൂട്ടു കത്തിച്ച താത്ത മുന്നില്‍ നടന്നു ,അമ്പല മുറ്റത്തെ മാങ്ങാ തപ്പി. അമ്മയുടെ വഴക്കു കേട്ട് ;അപ്പോഴേക്കും തിരുവാതിരയെ എത്ര പ്രാകിയിരുന്നു .ഇപ്പോള്‍ പുഴയുടെ നടുക്കല്‍ ,പാറ ഇടുക്കിലെ വെള്ളത്തിന് അപ്പോഴൊക്കെ വല്ലാത്ത കുളിര്, ഇരുട്ടിന്റെ നെഞ്ചിലൂടെവെളിച്ചപ്പെട്ടികള്‍
അടുക്കി വെച്ച് ഒരു തീവണ്ടികൂടെ,തിരുവാതിര കുളിക്കാന്‍ വന്ന പെണ്ണുങ്ങളോടാരോ സമയം പറഞ്ഞു .ഞാന്‍ പതുക്കെ വെള്ളത്തില്‍ ഇറങ്ങി .ശരീരത്തില്‍ നിന്നും വെളുത്ത പുക പറക്കുന്നു .എനിക്ക് കുളിരുന്നു .അതെ ഈ പുഴയില്‍ ഞാന്‍ എത്രയോ വട്ടം ഇറങ്ങിയിരിക്കുന്നു .മുങ്ങി നിവര്‍ന്നിരിക്കുന്നു .കൊല്ലങ്ങള്‍ക്ക് ശേഷം ഞാന്‍ വീണ്ടും പുഴയില്‍ നീന്തി തുടിച്ചു.എനിക്ക് നല്ല ഭര്‍ത്താവിനെ കിട്ടട്ടെ ..ഞാന്‍ നല്ല ഭാര്യയായിരിക്കട്ടെ..

ഇടവേളകള്‍ ഇനി വേണ്ടെന്നും അവ അറുബോറാണ് എന്നും അഭിപ്രായം ...,എങ്കിലും ,

            ഇന്ന് എന്റെ കുമാരന്‍മാര്‍ക്ക് മുന്നിലെത്തിയപ്പോള്‍ എന്നിക്കെന്തോ ഒരു വല്ലാത്ത സന്തോഷം തോന്നി ,ഓരോ മുഖത്തും രണ്ടു പുഴകള്‍ , പാഠ പുസ്തകങ്ങളെ ചിതലരിക്കാന്‍ വിട്ടു ഞാന്‍ കഥ പറഞ്ഞു തുടങ്ങി "പണ്ട് പണ്ട് ഒരു രാജ്യത്ത് ഒരു വലിയ കാടുണ്ടായിരുന്നു ...............""
     ഒടുക്കം ഞങ്ങളുടെ ഭാഗ്യക്കെടുകള്‍ക്ക് അറുതി വരുത്താന്‍ എന്റെ കുമാരന്മാര്‍ അമ്മ മരം തേടി പുറപ്പെട്ടു ,ധീരന്മാര്‍ ,വീരന്മാര്‍ .സ്നേഹലോലുപര്‍ ,എന്റെ കുമാരിമാര്‍,ഏഴര വെളുപ്പിന് കുളിച്ചു ജപിക്കാന്‍ തുടങ്ങി,എനിക്ക് പണിയില്ലാതായി. കാലില്‍ തട്ടി  ലാളിക്കുന്ന പുഴയെ തേടി ഞാനിറങ്ങി പോയി .

      പണമെടുത്തില്ല ,തുണിയും ,പുസ്തകവും എന്തിനു ഭക്ഷണം പോലും, വഴികാട്ടാന്‍ ഒരു കുളിര് മാത്രം .പിന്നെ ആകാശത്തിലേക്കുയര്‍ന്ന ഒറ്റ മരത്തിന്റെ തളിരിലകള്‍ ,അതിനു കീഴെ പരുന്തുകള്‍ പാറിപ്പറന്നു പുഴ നീന്തി കടന്നു കുമാരന്മാര്‍ക്കു എന്ത് പറ്റിയെന്നു
എനിക്കറിയില്ല .എനിക്കനുവദിച്ച സമയം കഴിഞ്ഞിരുന്നുവല്ലോ?,എങ്കിലും ,ഇന്നും ,രണ്ടു പുഴകള്‍ക്ക് നടുക്കു അമ്മ മരം തലയുയര്‍ത്തി നില്‍ക്കുന്നു....

Wednesday, November 10, 2010

നിയോഗങ്ങള്‍.


"നിയോഗങ്ങളില്‍ , നിഴല്‍
വീഴാതെ സൂക്ഷിക്കു "
പുറകിലെ വഴികളില്‍ നിന്ന്
അമ്മ പ്രാര്‍ത്ഥിക്കുന്നു
പട ചോറിന്റെ പാതിയു-
മേടുത്തെന്റെ  നിയോഗങ്ങളെ,
തേടിയലയാന്‍

  
ഞാനിന്നു യാത്ര പുറപ്പെടുന്നു
പിന്‍ വിളികളില്ലാത്ത യാത്ര !
ഇന്ധനമില്ലാതെ ,
ദിക്കും ദിശയുമറിയാതെ
വഴി തെളിക്കാനാകാശദിക്കിലെയൊരറ്റ
നക്ഷത്രത്തെ കണ്പ്പാര്‍ക്കാതെ
പുഴ കാവല്‍ നില്‍ക്കുന്ന
വീട് ഉപേക്ഷിച്ചിറങ്ങുന്നു  ഞാന്‍
"ഉടല് കാക്കുക "
തിരിഞ്ഞു നോക്കാതെ
നടന്നകലുമ്പോള്‍
പാത ഉപദേശിച്ചു
"പെണ്ണല്ലാതിരിക്കുക "

ചിറകറ്റ കഴുകന്‍
വാക്കായി കൂട്ടിനു വന്നു
ഇളയതുങ്ങള്‍
പാതവക്കത്ത്
കണ്പാര്‍ത്തു നിന്നു
തിരിച്ചു വരികില്ലെന്നറിഞ്ഞിട്ടും


എന്നിട്ടും ,
നിയോഗമറിഞ്ഞില്ല
നടന്ന വഴികളിലെന്റെ
കൊലുസിന്റെ മണി പൊട്ടിച്ചിതറി
നീര് തേടിയിഴഞ്ഞെന്റെ
വേരുകള്‍ പാറയില്‍ തട്ടി
സ്തംഭിച്ചു നിന്ന് ,

ഒടുക്കം ,
ഭൂമിക്കു നെഞ്ചില്‍
ഞാനൊരു മരമായി നിന്ന്
ഇല പൊഴിച്ച്
തൊലിയുരിച്ചു
കൊമ്പുകള്‍ ഒടിച്ച്
ഉരുകിയുരുകി തീര്‍ന്നു
ഇനി ,
"നിയോഗങ്ങളില്‍ നിഴല്‍ വീണുവോ "
എന്തോ ?