Saturday, December 15, 2012

ഫേസ്ബുക്ക് (kavitha)

ഒരു മെസ്സേജ്,

ഞാന്‍ പറഞ്ഞ കഥകളില്‍ നീ നായികയാവുന്നു,
ഡയലോഗുകള്‍ കാണാപാഠം പഠിച്ചു
ആടിയാടി പതം വന്നത്
കൂടുതല്‍ നന്നായി ആടുന്നു.

ഒരു ലൈക്‌ ,
ഫേസ്ബുക്കിലേക്ക്
എന്റെ രക്തം പകര്‍ത്തി വെക്കുന്നു
നായിക ഉടലാകുന്നു.

ഒരു കമന്റ്‌ ,
ചീര്‍ത്ത കണ്ണുകള്‍
ഇടത്തോട്ട് തിരിഞ്ഞപ്പോ ചെരിഞ്ഞ മുദ്ര
തൂക്കങ്ങള്‍ അളവുകള്‍,
വാക്കുകള്‍ പൊഴിഞ്ഞു ഞാന്‍
ഒരു ഞരമ്ബാവുന്നു.


അണ്‍ ഫ്രണ്ട് ,

ഇനി അതാണ്‌ ബാക്കി,
പോക്കി പൊക്കി തളര്‍ന്നതാ

എന്നാലും,
നിന്നിലേക്കുള്ള ഒരു ചാണ്‍ ദൂരത്തിനിടയില്‍
ഞാന്‍ മയങ്ങി പോയതാ..

Thursday, November 22, 2012

ഒഴിമുറി (കവിത)

അച്ഛാ,
മധുപാല്‍ ഒഴിമുറിയെന്ന 
പേരിലൊരു  പടമെടുത്തു   
എന്താണ് കഥയെന്നറിയില്ല 

പിന്നെയെന്തിനെപ്പറ്റിയെന്നും    

എങ്കിലുമങ്ങിനൊരു വാക്കു 
നെഞ്ചില്ലട്ടയെപോലെ 
പറ്റിയിരിക്കുന്നില്ലേ ?
എത്രനാളായതിങ്ങനെ? 
ചോരയൂറ്റിയൂറ്റി തടിച്ചു വീര്‍ക്കുന്നു ?

ഒരു ജന്മത്തിന്റെ പാപം ,
കുടിച്ചും വലിച്ചും തിന്നും തീര്‍ത്ത
സുകൃതത്തിന്റെ കയ്യപ്പ്നീര്‍ .
ഒപ്പിട്ടു കൊടുക്കുമ്പോള്‍ ,
മുറിക്കു പുറത്തു നിന്നു  ,
അമ്മ കണ്ണീരോപ്പിയിരുന്നോ ?
വലതു കാലു വെച്ച് കെട്ടി   
കുടിയിരുത്തേണ്ട ദേവിക്കു ,
ഒഴിമുറി  വാങ്ങി  
തിന്നു തുടങ്ങിയപ്പോള്‍ 
അമ്മയെപ്പോഴെങ്കിലും 
മൗനങ്ങളില്‍ മുഖം  
ചേര്‍ത്ത് വെച്ചിരുന്നോ ?

എന്തിനായിരുന്നച്ചാ,
ഓടിക്കളിച്ചു വളര്‍ന്ന വീടിനു ,
ഓര്‍മകള്‍ക്ക് 
വാരിത്തിന്ന ഉരുളകള്‍ക്ക് 
മുട്ട് പൊട്ടിയപ്പോള്‍
ചതച്ചു ചേര്‍ത്ത് കെട്ടിയ 
ഇലകള്‍ക്ക് ,
ഒക്കെം കൂടെ ,
ഒരു പിച്ചകാശിട്ട് 
മുദ്ര പത്രതിലെഴുതിച്ചു, 
പടിക്കല്‍ കാത്തു നിന്നവര്‍ക്ക് 
മുന്നില്‍ 
കണ്ണ് നിറച്ചു ചെന്ന് നിന്നത് ,

ആ മഞ്ഞ മുദ്രകടലാസില്‍ 
എഴുതിയതൊന്നും വായിക്കാതെ 
ആരുടേയും മുഖത്ത് നോക്കാതെ 
ഒപ്പിട്ടു, കാശുമായിറങ്ങിയപ്പോ ,
പുറകില്‍ 
പൂട്ടി വളർത്തിയോരു്
പ്രാകിയിരുന്നോ ?

കുലം മുടിച്ചവനെന്നും  
കുരുത്തം കെട്ടവനെന്നും  
പിന്നെയും പിന്നെയും , 
എനിക്കറിയാത്ത പിഴച്ച വാക്കുകള്‍ !!
 
ചോദ്യങ്ങള്‍ക്കൊടുക്കം ഒരൊറ്റ  
ഉത്തരം മാത്രം തെളിയുന്നു
എന്താ വീട് വെക്കാഞ്ഞതെന്നു ,
അത് അത് മാത്രം .

Sunday, October 21, 2012

ഒച്ച(കവിത)

കാറ്റ്,
പുഴ,
കാറ്റ് കുളിര്‍പ്പിക്കുന്ന ചെമ്പകപ്പൂപാടം
അവനെല്ലാമായിരുന്നു .
ഇന്ന് പുതപ്പിനടിയില്‍
വലിയൊരു വയറു കൂര്‍ക്കം വലിക്കുന്നു
കാജാബീഡിയുടെ ചൂര്,
ഉള്ളിലേക്ക് പൊട്ടിയ
തള്ളവിരലിന്റെ കെട്ടനഖം
നഖം വെട്ടി മുറിക്കാന്‍ പറ്റാത്ത കനം.

ആസ്സാമിൽ ഹിന്ദുക്കളും
മാപ്പളമാരും തമ്മിൽ തല്ലാണത്രെ
അവിടെമിവിടെമൊക്കെ
ആളുകളെ കൊല്ലാൻ
ആരോക്കെയോ കത്തികൾ രാകി
മിനുക്കുന്നുണ്ടത്രേ !

പല്ലിന്റെയടിയിൽ പോയത്
കമ്പ് കൊണ്ട് തോണ്ടിയെടുക്കുമ്പോ
എന്റെയോച്ചക്ക് കനം പോരത്രേ,
അരിയില്ല,
പച്ചക്കറിയില്ല, 
വെള്ളം വരാറേയില്ല, 
സാരി കുത്തിക്കീറി,
കെട്ടിയോൻ മഴയിലേക്കിറങ്ങി പോകുമ്പോൾ
ഞാന്‍ വാതില്‍ക്കൽ നില്‍ക്കായിരുന്നു
അല്ലേലും അതിയാനെന്തുന്നു ചെയ്യാനാണ്
ഞാന്‍ എന്തിനാണിങ്ങനെ വെറുതെ പുകയുന്നത്
ഇടയ്ക്കു മുനിഞ്ഞാലും
അടുപ്പ് പുകയുന്നുണ്ട്.
വില പേശീം കണക്കൊപ്പിച്ചും 
കറിക്കുണ്ടാക്കണുണ്ട്
വെയിൽ കൊള്ളാതെ
മഴ ചോരാതെ
ചുരുളാനെടമുണ്ട്
ആസ്സാമിലാരേലും ചത്താലും
ഇനി അവിടെയുമിവിടെയും
ബോംബ്‌ പൊട്ടിയാലും 
ഇവിടെനിക്കെന്താണ് ?

എന്നിട്ടും 
അരി വാര്‍ക്കുമ്പോ..
ശരിക്കും കേട്ടു
എന്റെയുണ്ണി പിറുപിറുക്കുന്നത്
പതുപതുത്ത ഒച്ചയിൽ
കുറുകും പോലെ 
ചീന്തിയ ചോരക്കൊക്കേം പകരം ചോദിക്കും.